വിമർശന ശരങ്ങളുടെ പത്മവ്യൂഹത്തില്‍ പെട്ട് മുഖ്യമന്ത്രി; പ്രതിരോധിക്കാനാകാതെ മൗനിയായി പിണറായി വിജയന്‍

Jaihind Webdesk
Monday, June 24, 2024

 

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ താഴേത്തട്ടുകളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയരുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാനാകാതെ സിപിഎം. വിവിധ ജില്ലാ കമ്മിറ്റികളിലും
പ്രാദേശിക കമ്മിറ്റികളിലും മുഖ്യമന്ത്രിക്കെതിരെ തുറന്ന വിമർശനം ഉയരുകയാണ്. താഴേത്തട്ടുകളിൽ മുഖ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും വിമർശനങ്ങൾ കൂടുതൽ ശക്തമാകും. വിമർശനങ്ങൾ ശക്തമാകുമ്പോഴും പ്രതിരോധിക്കാൻ ആകാതെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മൗനം തുടരുകയാണ്.

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായ തുറന്ന വിമർശനങ്ങളുടെ ചുവടുപിടിച്ച് ജില്ലാ പ്രാദേശിക തലങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശന ശരങ്ങൾ തുടരുകയാണ്. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയുള്ള വിമർശനങ്ങളാണ് ഉയർന്നതെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം ഉൾപ്പെടെ സിപിഎം സമ്മേളനങ്ങളിൽ ആഞ്ഞടിക്കുകയാണ്. കൊല്ലം, കണ്ണൂർ ജില്ലാ നേതൃയോഗങ്ങൾക്ക് പിന്നാലെ എറണാകുളം, പത്തനംതിട്ട ജില്ലാ യോഗങ്ങളിലും മുഖ്യമന്ത്രിയേയും മകളേയും പ്രതിക്കൂട്ടിൽ ആക്കിക്കൊണ്ടുള്ള കടന്നാക്രമണമാണ് ഉണ്ടായത്. മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായത്. മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ പാർട്ടിക്കും തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഈ വേളകളിൽ മുഖ്യമന്ത്രി തുടർന്ന മൗനം ആരോപണങ്ങളെ ബലപ്പെടുത്തിയെന്ന വിലയിരുത്തലാണ് പാർട്ടിയിലെ ഒരു വലിയ വിഭാഗത്തിനുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇതിന് സംരക്ഷണ കവചം ഒരുക്കുന്നതും പാർട്ടിയിൽ വലിയ അമർഷത്തിന് വഴി തുറക്കുകയാണ്.

ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലെ അവലോകന യോഗങ്ങൾ സജീവമാകുന്നതോടെ കടുത്ത വിമർശനങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നുറപ്പാണ്. വിമർശനങ്ങൾ ശക്തമാകുമ്പോഴും പ്രതിരോധിക്കാനാകാതെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മൗനം തുടരുകയാണ്. ആരോപണങ്ങൾക്ക് മറുപടി നൽകി ചർച്ചകൾ കൂടുതൽ വഷളാക്കേണ്ട എന്ന തന്ത്രപരമായ സമീപനം പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതായ ആരോപണവും പാർട്ടിക്കുള്ളിൽ ബലപ്പെടുകയാണ്. ആരോപണങ്ങള്‍ക്കിടയിൽ പാർട്ടിയുടെ മേഖലാ സമ്മേളനങ്ങളും കേന്ദ്ര കമ്മിറ്റിയും വരും ദിവസങ്ങളിൽ നടക്കും. സിപിഎമ്മിന്‍റെ സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിമർശനങ്ങളാണ് തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ അലയടിക്കുന്നത്. ഇതിനു പിന്നാലെ ഇടതുമുന്നണിയിലെ ഘടകകക്ഷികളും മുഖ്യമന്ത്രിക്കെതിരെ വാളോങ്ങുകയാണ്.