സര്‍ക്കാർ അദാനിക്കൊപ്പം; വിഴിഞ്ഞം സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്. സര്‍ക്കാർ അദാനിക്കൊപ്പം നിന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തുറമുഖം നിര്‍മ്മാണത്തെ തുടര്‍ന്നല്ല തീരശോഷണം ഉണ്ടായതെന്ന സര്‍ക്കാരിന്‍റെ വാദം അംഗീകരിക്കാനാകില്ല. തീരശോഷണം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് 470 കോടിയുടെ പുനരധിവാസ പാക്കേജ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇടതു സര്‍ക്കാര്‍ അദാനിക്കൊപ്പം നിന്ന് ഈ പാക്കേജ് അട്ടിമറിക്കുകയാണ്.

2018 മുതല്‍ വലിയതുറയിലെ സിമന്‍റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വാടക വീടുകളിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കേരളത്തിന് അപമാനകരമായ രീതിയിലാണ് അവിടെ മത്സ്യത്തൊഴിലാളികള്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ പുഴുക്കളെ പോലെ മനുഷ്യന്‍ ജീവിക്കുന്നത് എല്ലാവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ചയാണ്. ഒരു മന്ത്രി പോലും അവിടെ പോയി ഇത് നേരിട്ട് മനസിലാക്കാന്‍ ശ്രമിച്ചില്ല.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അദാനി പറയുന്നത് തന്നെയാണ് മന്ത്രിമാരും സമരക്കാരോട് പറയുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment