PINARAYI VIJAYAN| മുഖ്യമന്ത്രി അമേരിക്കയിലേക്ക്… ഒരാഴ്ച തുടർചികിത്സ; പിണറായി ലേശം ഉളുപ്പ്?

Jaihind News Bureau
Friday, July 4, 2025

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പോരായ്മകള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അര്‍ധരാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക. ചികിത്സയുടെ ഭാഗമായി 10 ദിവസത്തോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്. നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുക്കുന്ന അവലോകന യോഗം കോട്ടയത്ത് നടക്കുന്നതിനിടെയാണ് മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണത്. വൈകുന്നേരം മുഖ്യമന്ത്രി തന്നെ മെഡിക്കല്‍ കോളേജില്‍ എത്തി. മന്ത്രിമാരുമായി കുറച്ച് സമയം ചര്‍ച്ച. വേഗത്തില്‍ മടങ്ങുകയും ചെയ്തു. അപകട സ്ഥലം പോലും സന്ദര്‍ശിക്കാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. വിഷയത്തില്‍ പ്രതികരിക്കാനും തയാറായില്ല. പറയാന്‍ ഒന്നുമില്ല. എല്ലാം മന്ത്രിമാര്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പറക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ഒട്ടുമിക്ക മന്ത്രിമാരും അവരുടെ ഭാര്യമാരും മക്കളുമൊക്കെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികിത്സ നേടിയ ഇനത്തില്‍ ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് നഷ്ടമായത്.

ഇത്ര മഹത്തായ, നമ്പര്‍ വണ്‍ ആയ പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് സ്വകാര്യ ആശുപത്രിയിലും വിദേശത്തും ചികിത്സ തേടിയെന്ന ചോദ്യത്തിന് മറുപടി പറയാതെ മുങ്ങുകയാണ് പതിവ്. ആ പതിവ് മുഖ്യമന്ത്രി ഇപ്പോഴും തെറ്റിക്കുന്നില്ല. ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലും, കോട്ടയത്ത് ബിന്ദു എന്ന വീട്ടമ്മയുടെ മരണവും ഉയര്‍ത്തിയ ചോദ്യങ്ങള്‍ ചെറുതൊന്നുമല്ല.. ഇവയ്‌ക്കൊന്നും മറുപടി നല്‍കാതെ പറക്കുകയാണ് മുഖ്യമന്ത്രി എന്നാണ് വിമര്‍ശനം.