മനുഷ്യജീവന് വിലയില്ലാത്ത അവസ്ഥയില്‍ കേരളം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണം: കത്തയച്ച് വി.എം സുധീരന്‍

Jaihind Webdesk
Monday, July 31, 2023

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് വി.എം സുധീരന്‍റെ കത്ത്.

ആഭ്യന്തരവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്‍റെ ചുമതലയിൽ തുടരുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്ന നിലയിൽ ക്രമസമാധാനപാലനം നടക്കുന്നില്ല. ആലുവ കൊലപാതകം നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ച വ്യക്തമാക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ്. മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയിലാണ് നിലവിൽ കേരളം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് വി.എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.