K Sudhakaran| മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുത്: കെ.സുധാകരന്‍ എംപി

Jaihind News Bureau
Friday, October 3, 2025

കണ്ണൂര്‍: ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന അമൂല്യ വസ്തുക്കള്‍ കടത്തിക്കൊണ്ടു പോകുന്ന ഗൂഢ സംഘം പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം പി പറഞ്ഞു. സ്വര്‍ണ്ണപാളി കാണാതായ സംഭവം ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റി എം വകുപ്പ് മന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ശബരിമലയില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതാണ്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാര്‍ഹമാണ്. ശബരിമലയില്‍ ആചാരലംഘനത്തിനായി യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണവലയം തീര്‍ത്ത പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മറ്റൊരു തരത്തില്‍ ശബരിമലയിലെ വിശ്വാസധ്വംസനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. അയ്യപ്പഭക്തരോടുള്ള അവഹേളനമാണിത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ശബരിമലയിലെ സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടതിനെ ഒരിക്കലും ലാഘവത്തോടെ കാണാനാകില്ല. ശബരിമലയെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹം മോഷ്ടിച്ചു കൊണ്ടുപോയാല്‍ പോലും ഇതേ മൗനമായിരിക്കും പിണറായി വിജയന്‍ പുലര്‍ത്തുക. അയ്യപ്പ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി ഒരിക്കല്‍ കൂടി ഭക്തജനസമൂഹത്തിന് പോരാട്ടത്തിനിറങ്ങേണ്ടി വരുമെന്നും കെ.സുധാകരന്‍ എം പി പറഞ്ഞു.