ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം: കത്തു നൽകി രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, February 23, 2025

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

പ്രതികൂല സാഹചര്യങ്ങളെ പോലും വക വെക്കാതെ വളരെ സ്തുത്യർഹമായ സേവനം നടത്തി കേരളത്തിന്‍റെ ആരോഗ്യ മേഖലയെ കോട്ടകെട്ടി കാക്കുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണ്. ലഭിക്കുന്ന കൂലിയെക്കാൾ പതിന്മടങ്ങ് സേവനമാണ് ഇവർ ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത് എന്നും കത്തില്‍ പരാമർശിച്ചിട്ടുണ്ട്.

കത്തിന്‍റെ പൂർണ്ണരൂപം

ബഹു. മുഖ്യമന്ത്രി,

വേതന വര്‍ദ്ധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം രണ്ടാഴ്ച്ച പിന്നിടുകയാണ്. ഇവരുടെ സമരപന്തല്‍ ഞാന്‍ ഇന്ന് സന്ദര്‍ശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് അവര്‍ ഉയര്‍ത്തുന്നത്. തികച്ചും ന്യായമായ ആവശ്യങ്ങളും, കാര്യങ്ങളുമാണ് ഇവര്‍ ഉന്നയിക്കുന്നത്.

വളരെ ദുരിതപൂര്‍വ്വമായ സാഹചര്യത്തിലാണ് ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 31200 ആശാവര്‍ക്കര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും പത്തും പത്രണ്ടും മണിക്കൂറാണ് ഇവര്‍ ജോലി ചെയ്യുന്നത്. വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, വിവര ശേഖരണം, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ മുതല്‍ നിശ്ചിത ദിവസം സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം വരെ ഇവര്‍ നിര്‍വ്വഹിക്കുന്നുണ്ട്. സന്നദ്ധസേവകരായി പരിഗണിച്ച് തുഛമായ ഓണറേറിയം മാത്രമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിവരുന്നത്. എന്നാല്‍ നല്‍കുന്ന വേതനത്തിന്റെ പതിന്മടങ്ങ് സേവനമാണ് ഇവരെ കൊണ്ട് സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നത്. 7000/- രൂപയാണ് സര്‍ക്കാരില്‍ നിന്നും ഓണറേയമായി ആശാവര്‍ക്കര്‍ക്ക് ലഭിക്കുന്നത്. ഇതു പോലും കൃത്യമായി ഇവര്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോലും ഇതിലൂം കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്. മഴയും വെയിലും വകവയ്ക്കാതെ ഗ്രാമ – നഗര പ്രദേശങ്ങളില്‍ യാത്ര ചെയ്തും ഭവന സന്ദര്‍ശനം നടത്തിയുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള യാത്രാപ്പടിയായി ഒരു രൂപ പോലും ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നില്ല. മൊബൈല്‍ ഫോണിലൂടെയാണ് പല വിവരങ്ങളും ശേഖരിക്കുന്നത്. ഇതിനുള്ള ഒരു സൗകര്യവും, സഹായവും ഇവര്‍ക്ക് നല്‍കുന്നില്ല. നിലവിലുള്ള ചുമതലകള്‍ക്കുപുറമേ ധാരാളം അധിക ദൗത്യങ്ങളും കാലാകാലങ്ങളില്‍ ആരോഗ്യവകുപ്പ് ഇവരെ ഏല്‍പ്പിക്കുന്നുണ്ട്. അധിക വേതനമോ, അലവന്‍സുകളോ ഇതിനായി നല്‍കുന്നുമില്ല. കോവിഡിന്റെ സമയത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിയ നിസ്വാര്‍ത്ഥമായ സേവനം കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ആരോഗ്യമേഖലയെ സംരക്ഷിച്ച് നിറുത്തുന്നതില്‍ ആശാവര്‍ക്കര്‍മാരുടെ പങ്ക് നിസ്തുതുലമായിരുന്നു.

നമ്മുടെ ആരോഗ്യമേഖലയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ തികച്ചും പുച്ഛത്തോടെയാണ് കാണുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും ആരോഗ്യമന്ത്രി തയ്യാറാകുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും, പരിഹരിക്കുന്നതിനും പകരം അവരെ പരസ്യമായി അവഹേളിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. താങ്കള്‍ മുന്‍കൈ എടുത്താന്‍ വെറും അരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന വിഷയാണിത്. എന്നാല്‍ അതിനുമുതിരാതെ ഇവരുടെ സമരത്തെ പരമാവധി നീട്ടിക്കൊണ്ട് പോകുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ പിടിവാശിയും ദുരഭിമാനവും ഉപേക്ഷിച്ച് സമരത്തിലുള്ള ആശാ പ്രവര്‍ത്തകരുമായി അടിയന്തിരമായി അങ്ങ് തന്നെ നേരിട്ട് ചര്‍ച്ച നടത്തി, ഇവരുടെ സേവന – വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിച്ച്, ഇവരുടെ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ
രമേശ് ചെന്നിത്തല

ഇവരുടെ പ്രശ്നങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.