ശബരിമലയെ കലാപഭൂമിയാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, November 16, 2019

ശബരിമലയില്‍ മണ്ഡലകാലം തുടങ്ങാനിരിക്കെ കഴിഞ്ഞ മണ്ഡലകാലം കലാപഭരിതമാക്കിയതിനും ലക്ഷോപലക്ഷം വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയതിനും മറുപടി പറയാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
നാല് വോട്ടിന് തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഹുങ്ക് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും 180 ഡിഗ്രിയില്‍ നിലപാട് മാറ്റിയിരിക്കുന്നു. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തടിയൂരുന്നത്. ശബരിമലയില്‍ സമാധാനം പന:സ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നത്.വിശ്വാസികളുടെ വികാരം നേരത്തെ മാനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നുവെങ്കില്‍ വലിയ വിപത്തില്‍ നിന്നും മാനക്കേടില്‍ നിന്നും കേരളത്തെ രക്ഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്ത് 55650 പേരാണ് കേസില്‍പ്പെട്ടത്. മൂവായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ 2200 പേര്‍ ജയിലില്‍ കിടന്നു. തൊണ്ണൂറ് ദിവസം വരെ ജയില്‍ ശിക്ഷ അനുഭവിച്ചവരുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ജാമ്യത്തിലിറങ്ങുന്നതിന് 3.5 കോടിരൂപ കെട്ടിവച്ചന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യുവതികളെ മലകയറ്റാന്‍ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍ കയ്യും മെയ്യും മറന്ന് കഠിനാധ്വാനം ചെയ്യുന്നത് കേരളം കണ്ടതാണ്. തമിഴ്‌നാട്ടില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും ആക്ടിവിസ്റ്റുകളെ പോലീസ് അകമ്പടിയില്‍ മലകയറ്റാന്‍ നടത്തിയ ശ്രമം ഏറെ വിമര്‍ശനങ്ങള്‍ വിധേയമായതാണ്.ഇരുമുടിക്കെട്ടില്ലാതെ കണ്ണൂര്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് പതിനെട്ടാം പടിയിലെത്തിയതും നാം കണ്ടു.

കഴിഞ്ഞ മണ്ഡലകാലം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും 100 കോടി വരുമാനം നഷ്ടപ്പെടുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1200 ക്ഷേത്രങ്ങളില്‍ 1150 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ ആശ്രയിക്കുന്നവയാണ്. 100 കോടിരൂപ നഷ്ടപരിഹാരം നല്‍കിയെന്ന് പറഞ്ഞിട്ടും 30 കോടി മാത്രമാണ് ഇതുവരെ നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല പ്രശ്‌നം സവര്‍ണ്ണ-അവര്‍ണ്ണ യുദ്ധമായിട്ടാണ് മുഖ്യമന്ത്രി അന്ന് വിശേഷിപ്പിച്ചത്. ഇത് അത്യന്തം ആപല്‍ക്കരമായ വെളിപ്പെടുത്തലായിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും അമിത്ഷായും നടപ്പാക്കുന്ന സമീപനങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. മുഖ്യമന്ത്രി തട്ടിക്കൂട്ടിയ നവോത്ഥാന സമിതി തന്നെ പിന്നീട് പിളരുകയും ചെയ്തു. യുവതി പ്രവേശന വിഷയത്തില്‍ അവധാനതയില്ലാതെ മുഖ്യമന്ത്രിയെടുത്ത നിലപാടുകളാണ് സംസ്ഥാനത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ദോഷം വരുത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.