മുഖ്യമന്ത്രിയുടെ മറുപടികളില്‍ നിലവാര തകര്‍ച്ച; സ്ത്രീപീഡന കേസുകളില്‍ മുഖ്യമന്ത്രിക്ക് ഇരട്ട നീതി: വി.ഡി സതീശന്‍

Jaihind News Bureau
Thursday, December 11, 2025

മുന്‍ സി.പി.എം. എം.എല്‍.എ. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി 13 ദിവസം പൂഴ്ത്തിവച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ കാലതാമസം വരുത്തുന്ന ഈ ‘അന്യായം’ കേരളം അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, സമരങ്ങളെ നശീകരണമായി കാണുന്ന നിലപാടിലൂടെ മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റം പ്രകടമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നല്‍കിയ മറുപടികള്‍ക്ക് ശേഷവും താന്‍ ‘അക്കമിട്ടുള്ള മറുപടി’ നല്‍കിയില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ച മുഖ്യമന്ത്രിയുടെ നിലവാരമില്ലായ്മയില്‍ പൊതുസമൂഹം വിസ്മയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി അദ്ദേഹത്തിന്റെ ഓഫീസിലെ ആരോ എഴുതിയതാണെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 27-ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച മുന്‍ സി.പി.എം. എം.എല്‍.എ. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഡിസംബര്‍ 2-നാണ് പോലീസിന് കൈമാറിയതെന്നും, കേസ് രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ 8-നാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ’13 ദിവസം ഈ പരാതി എന്തുകൊണ്ടാണ് പൂഴ്ത്തിവച്ചത്? കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ഒരു എം.എല്‍.എയ്ക്കെതിരെ പരാതി കിട്ടിയപ്പോള്‍ അപ്പോള്‍ തന്നെ പോലീസിന് കൈമാറിയ സര്‍ക്കാര്‍, മുന്‍ സി.പി.എം. എം.എല്‍.എയ്ക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി പൂഴ്ത്തിവച്ചത് ഇരട്ട നീതിയാണ്.’ പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ എല്ലാം വൈകിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാരാണെന്ന് പറയുന്ന മുഖ്യമന്ത്രി, ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എം.എല്‍.എമാരിലും സ്വന്തം ഓഫീസിലുമുണ്ടെന്ന് എണ്ണി നോക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറാന്‍ സാധ്യതയുള്ള പ്രദേശമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രതിപക്ഷ നേതാവ്, ഈ വിഷയം പരിഗണിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ‘കാലഹരണപ്പെട്ട ഭരണാധികാരിയുടെ മനോഭാവം’ എന്ന് വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുന്നൂറ് കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്മെന്റുകള്‍ കെട്ടിപ്പൊക്കിയും 200 കിലോ മീറ്റര്‍ ദൂരം 10 അടി ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ചുമുള്ള കെ-റെയില്‍ നിര്‍മ്മിതികള്‍ കാരണം എവിടെയെങ്കിലും വെള്ളം തങ്ങി നിന്നാല്‍ കേരളത്തിന് അതിന്റെ ആഘാതം ഉണ്ടാകും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍, വികസനത്തിന്റെ ഇരകള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാണ് അവരുടെ പുനരധിവാസത്തിനായി 472 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. വികസന പ്രവര്‍ത്തനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം പ്രധാന ഘടകമായി എടുത്തില്ലെങ്കില്‍ അപകടമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമരം ചെയ്യുന്നത് നശീകരണമാണെന്ന മുഖ്യമന്ത്രിയുടെ വാദം കമ്മ്യൂണിസ്റ്റ് നിലപാടല്ലെന്നും തീവ്രവലതുപക്ഷ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

2017-ല്‍ ഗെയില്‍ പൈപ്പ് ലൈനിനുവേണ്ടി സ്ഥലം എടുത്തപ്പോള്‍ സമരം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സമരക്കാരുടെ ആവശ്യം അംഗീകരിക്കുകയും നഷ്ടപരിഹാരം ന്യായവിലയുടെ പത്തിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും വീടുകള്‍ക്ക് സമീപം 20 മീറ്റര്‍ എന്നത് 2 മീറ്ററാക്കി കുറക്കുകയും ചെയ്തു. ‘സമരത്തെ പുച്ഛിച്ച മുഖ്യമന്ത്രിയാണ് സമരം ചെയ്തതിനെ തുടര്‍ന്ന് ഇത്രയും മാറ്റങ്ങള്‍ വരുത്തിയത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ ഏക സമരം സോളാര്‍ കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരമാണ്. അത് നഗരത്തില്‍ ദുര്‍ഗന്ധം ഉണ്ടാക്കിയതോടെ അവസാനിപ്പിക്കേണ്ടി വന്നെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിലെ ഇരട്ടത്താപ്പും അദ്ദേഹം എടുത്തു കാണിച്ചു. 42 വര്‍ഷവും സി.പി.എമ്മും എല്‍.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജമാഅത്തെ ഇസ്ലാമി അമീറിനെ കാണുന്നതിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. എത്രയോ തവണ ജമാഅത്തെ ഇസ്ലാമി ആസ്ഥാനം സന്ദര്‍ശിച്ച ആളാണ് പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ അഭിമാനിക്കുന്നുവെന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞത്. അതിജീവിതയ്ക്കൊപ്പമാണ് കോണ്‍ഗ്രസും യു.ഡി.എഫും. പകുതി പരാജയപ്പെട്ട കേസായതുകൊണ്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകുന്നത് സ്വാഭാവിക നടപടിയാണ്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്നു. 9 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാത്തത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ കോടതി റിമാന്‍ഡ് ചെയ്യുകയും വീണ്ടും കവര്‍ച്ച കേസില്‍ പ്രതിയാവുകയും ചെയ്ത പത്മകുമാറിനെതിരെ സി.പി.എം. നടപടി എടുക്കുന്നില്ല. കൂടുതല്‍ നേതാക്കളുടെ പേര് പറയുമെന്ന ഭയം കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.