ആശമാര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കി ആശമാര്‍. സമരം ചെയ്യുന്നത് യഥാര്‍ത്ഥ ആശമാരല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുത അറിയാതെയെന്ന് സമരമിതി പ്രതികരിച്ചു. ശനിയാഴ്ച സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ അണിചേരുന്ന പൗരസംഗമം നടത്തും.
ആശ സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി ഇന്നലെയാണ് പ്രതികരിച്ചത്. സമരം തീരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും എന്നാല്‍ സമരക്കാര്‍ക്ക് അങ്ങനെയൊരു ആഗ്രഹം വേണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളം ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയും ഇന്നലെ വാദിച്ചു. ഇന്‍സെന്റീവ് ഉയര്‍ത്താത്തത് കേന്ദ്രമാണെന്നും ആരോഗ്യ മേഖലയെ സമരം ബാധിച്ചിട്ടില്ലെന്നും 99 ശതമാനം ആശമാരും സമരത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആശമാരുടെ ആവശ്യം നിലവില്‍ പരിഗണിക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
ആശമാരുടെ സമരം 60ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാര സമരം 22 ദിവസ തുടരുന്നു. അപ്പോഴാണ് മുഖ്യമന്ത്രി ആശമാരെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. കനത്ത പ്രതിഷേധം മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടാകുമെന്ന് ഉറപ്പാണ്.