തൃശൂര്‍: കെ.ടി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ആർഎസ്എസ് ദേശീയ പതാകയെ അംഗീകരിച്ചിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ നയിക്കുന്ന നവസങ്കൽപ് യാത്ര തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി വേണുഗോപാൽ.
ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ആർഎസ്എസ് പ്രൊഫൈലുകൾ ദേശീയ പതാക ഉയർത്തുന്നതിൽ സന്തോഷമുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടിയും സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല എന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി ജലീലിനെതിരെയും കെ.സി വേണുഗോപാൽ രംഗത്തെത്തി. “കശ്മീർ ഇന്ത്യയുടെ അവകാശമാണ്.
കെ.ടി ജലീലിന് എങ്ങിനെയാണ് ആസാദി കശ്മീർ എന്ന് പറയാൻ കഴിയുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തള്ളി പറയാത്തത്. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കേണ്ടത്” – കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിന് ദേശീയപതാക കൈമാറി കെ.സി വേണുഗോപാൽ പദയാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി, സനീഷ് കുമാർ ജോസഫ് എംഎൽഎ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, നേതാക്കളായ ഒ അബ്ദുറഹ്മാൻ കുട്ടി, പത്മജാ വേണുഗോപാൽ, ആര്യാടൻ ഷൗക്കത്ത്, എം.പി വിൻസെന്‍റ് തുടങ്ങിയവരും സംസാരിച്ചു.