വീണയ്ക്ക് വെറുതെ നല്‍കിയതല്ല കോടികള്‍; CMRLന് സേവനം ചെയ്തു കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ : മാത്യു കുഴല്‍നാടന്‍

Jaihind News Bureau
Friday, April 4, 2025

സി.എം.ആര്‍.എല്‍ കോടികള്‍ വീണക്ക് വെറുതെ നല്‍കിയതല്ലെന്നും ഇതിന് വേണ്ട സേവനം ചെയ്തു കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍ എ. ഈ കാര്യമാണ് താന്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും തെളിയിക്കാന്‍ പരിശ്രമിക്കുന്നതും. പോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്.എഫ്.ഐ.ഒ) പ്രോസിക്യൂഷന്‍ നടപടിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വീണയുടെ കേസ് രണ്ടു കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാട് എന്ന നിലപാടില്‍ സി.പി.എം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും, എന്തിനു വേണ്ടിയാണ് ഈ തുക നല്കിയതെന്ന ചോദ്യത്തി ന് നല്‍കിയ ഉത്തരങ്ങളും ജനങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ട്. ഈ മറുപടിയിലും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും മാത്യൂ കുഴല്‍നാടന്‍ ചോദിച്ചു.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് മുഖ്യന്ത്രിയുടെ മകളെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കിയത്. വീണ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത എസ്.എഫ്.ഐ.ഒ കുറ്റപത്രമാണ് പുറത്തു വന്നിരിക്കുന്നത്. വീണയെ കൂടാതെ എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സി.എം.ആര്‍.എല്ലും സഹോദര സ്ഥാപനവും കേസില്‍ പ്രതികളാണ്. സേവനം നല്‍കാതെ വീണ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.വീണക്കും ശശിധരന്‍ കര്‍ത്തക്കും എക്‌സലോജിക്കിനും സി.എം.ആര്‍.എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 പ്രകാരമാണ് കുറ്റം ചുമത്തിയത്.