മുഖ്യമന്ത്രി ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി; സിപിഎമ്മിൽ പടലപ്പിണക്കം; ഒടുവിൽ പ്രതിരോധവുമായി പാർട്ടി

Jaihind News Bureau
Saturday, December 20, 2025

സ്വർണ്ണ കൊള്ളയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഗവർണർക്ക് മുന്നിൽ മുട്ടുകുത്തിയതിൽ അടിതെറ്റിയ സിപിഎം ഒടുവിൽ മുഖ്യമന്ത്രിക്ക് പ്രതിരോധവുമായി രംഗത്തെത്തി. ഗവർണർ ആണ് സമവായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചത് എന്ന വിശദീകരണവുമായി വാർത്താക്കുറുപ്പ് ഇറക്കിയാണ് സിപിഎം ഒടുവിൽ മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ലോക്ഭവൻ്റെ വിശദീകരണം എന്തെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി ഒത്തുതീർപ്പിലേക്ക് നീങ്ങിയത് സിപിഎമ്മിലും ഇടതുമുന്നണിയിലും വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരാൾപോലും മുഖ്യമന്ത്രിയെ അനുകൂലിക്കാതിരുന്നത് പിണറായി വിജയൻ്റെ ഏകാധിപത്യ ശൈലിക്ക് കനത്ത തിരിച്ചടിയായി മാറിയിരുന്നു. പി എം ശ്രീയിൽ ഏറ്റതിന് സമാനമായ തിരിച്ചടികളും വിമർശനവും ഇക്കാര്യത്തിലും ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ്
സെക്രട്ടറിയേറ്റ് അംഗങ്ങൾ ഒന്നടങ്കം മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു. ആരാകണം വിസി എന്ന് സുപ്രീംകോടതി തീരുമാനിക്കുന്നതായിരുന്നു ഉചിതമായ നിലപാട് എന്നും അഭിപ്രായമുയർന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ വിമർശനം പുറംലോകത്ത് വലിയ ചർച്ചയായി. മുഖ്യമന്ത്രിയേയും പാർട്ടിയെയും വലിയ പ്രതിരോധത്തിൽ ആക്കിയതോടെ വൈകി ഉദിച്ച വിവേകം എന്നപോലെ ഒടുവിൽ
മുഖ്യമന്ത്രിയെ ന്യായികരിച്ച് സിപിഎം സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പ് ഇറക്കിയത്. ഗവർണർ ആണ് സമവായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചത് എന്ന വിശദീകരണവുമായിട്ടാണ് സിപിഎം വാർത്താക്കുറുപ്പ് ഇറക്കിയത്. ഗവർണർ ഇങ്ങോട്ട് ആവശ്യപ്പെട്ടാലും അനുനയം എന്തിന് എന്ന് ചോദ്യമാണ്
സിപിഎമ്മിലെ വലിയൊരു വിഭാഗം ഉയർത്തുന്നത്. സിസ തോമസിനെ ഒരു തരത്തിലും വിസിയായി അംഗീകരിക്കില്ല എന്നതായിരുന്നു സർക്കാർ നിലപാട്. സർക്കാർ ഈ നിലപാടിൽ ഉറച്ചു നിന്നതോടെ സിസാ തോമസിനും ഗവർണർക്കും എതിരെ എസ്എഫ്ഐ ഒരുനൂറ് അക്രമ സമര പോരാട്ടങ്ങൾ ഏറെ നാളായി നടത്തിവരികയായിരുന്നു. ഇടത് അനുകൂല സംഘടനകളും സിസാ തോമസിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സർവ്വകലാശാലയിൽ നടത്തിയിട്ടുള്ളത്.

ഒടുവിൽ മുഖ്യമന്ത്രി മുട്ടുമടക്കിയതോടെ എസ്എഫ്ഐയും ഇടത് അനുകൂല സംഘടനകളും മാളത്തിൽ ഒളിക്കുന്ന സ്ഥിതിവിശേഷത്തിലാണ്. ഗവർണറുടെ തോളിൽ ചാരി സിപിഎം ഇറക്കിയ വാർത്താക്കുറിപ്പിൽ
ലോക്ഭവൻ്റെ വിശദീകരണം എന്തെന്നാണ് ഇനി കണ്ടറിയേണ്ടത്. വിസി നിയമനത്തിലെ മുഖ്യമന്ത്രിയുടെ പിന്മാറ്റം 28ആം തീയതി മുതൽ ആരംഭിക്കുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിലും അടുത്ത ഇടതുമുന്നണി യോഗത്തിലും ചൂടേറിയ ചർച്ചയായി മാറും.