
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്ത്. മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴുകയാണെന്നും എഐ സാങ്കേതികവിദ്യയെക്കുറിച്ച് ധാരണയില്ലാത്തവർ പാർട്ടി നേതൃത്വത്തിലിരിക്കുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. എഐ ചിത്രങ്ങൾ തിരിച്ചറിയാൻ നിലവിൽ സംവിധാനങ്ങളുണ്ടെന്നും ഏത് ലോകത്താണ് ഇവർ ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബീമാ ജ്വലറി ഉടമ പോലീസിന് ആംബുലൻസ് കൈമാറുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തതിനെ ഷിബു ബേബി ജോൺ ചോദ്യം ചെയ്തു. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആരാണ് ക്ഷണിച്ചതെന്നും, സ്വർണ്ണക്കൊള്ളക്കേസ് പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറുന്ന സാഹചര്യമുണ്ടായത് എങ്ങനെയെന്നും സർക്കാർ വ്യക്തമാക്കണം. ആംബുലൻസ് നൽകിയത് ഉടമയുടെ സ്വന്തം ഇഷ്ടപ്രകാരമാണോ എന്ന കാര്യത്തിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന ചിത്രത്തെക്കുറിച്ചും ഷിബു ബേബി ജോൺ പരാമർശിച്ചു. മോഷണം നടന്ന കാലയളവിൽ ഒരു മന്ത്രിയും പോലീസുകാരനും പ്രതിയും ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചതിൽ വലിയ അസ്വാഭാവികതയുണ്ട്. ഇവർ തമ്മിൽ സംസാരിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കടകംപള്ളിയും സർക്കാരും ഇതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.കെ. പ്രേമചന്ദ്രനെതിരെയുള്ള കടന്നാക്രമണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ജോൺ ബ്രിട്ടാസ് എംപിക്ക് പാർലമെന്റിലുണ്ടായ ക്ഷീണം തീർക്കാൻ പ്രേമചന്ദ്രനെ വേട്ടയാടേണ്ടതില്ല. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന എംപിയാണ് പ്രേമചന്ദ്രനെന്ന് പ്രധാനമന്ത്രി പറഞ്ഞതിൽ തങ്ങൾക്ക് അഭിമാനമേയുള്ളൂ. പ്രധാനമന്ത്രിയും അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നത് സാധാരണമാണെങ്കിൽ, പ്രേമചന്ദ്രൻ ചായ സൽക്കാരത്തിൽ പങ്കെടുത്തതിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ദാരിദ്ര്യം കൊണ്ടാണെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.