CPI| ‘മുഖ്യമന്ത്രി ഏകാധിപതി; സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം’; കോട്ടയം സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Sunday, August 10, 2025

മുഖ്യമന്ത്രി ഏകാധിപതിയെന്ന് വിമര്‍ശനം. സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായിയെന്നും, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം എന്നും കുറ്റപ്പെടുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നും, സിപിഐ വകുപ്പുകളെ പണം നല്‍കാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമര്‍ശനം ഉണ്ടായി.  പാര്‍ട്ടി നേതൃത്വത്തിന് നേരെയും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ദുര്‍ബലമാകുന്നുവെന്നും, നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലന്നും ആണ് വിമര്‍ശനം.

മുഖ്യമന്ത്രിയും സിപിഎമ്മും നേതൃത്വത്തിന് ഒരു പരിഗണനയും നല്‍കുന്നില്ല, ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ട്ടി പിന്നോട്ട് പോകുന്നുവെന്നും,എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും, ഇത് തിരുത്തി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലന്നും സിപിഐ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ ഉടനീളം ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് പോലും സിപിഐ മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും അടക്കം രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്ന് നേരിട്ടത്.