നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി; ലാവലിന്‍ മുന്നില്‍ കണ്ടുള്ള നീക്കമെന്ന് ആക്ഷേപം

Jaihind Webdesk
Saturday, August 27, 2022

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയിലെത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.

അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് ഓഗസ്റ്റ് 23 നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് നെഹ്റു ട്രോഫി വള്ളംകളി. ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അതേസമയം നിരവധി തവണ മാറ്റിവെച്ച ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതിയില്‍ വീണ്ടും എത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കം ശ്രദ്ധേയമാകുന്നത്. കേസ് നിരന്തരമായി മാറ്റിവെക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയും ബിജെപിയുമായുള്ള ധാരണയാണെന്ന  ആക്ഷേപം ശക്തമാണ്.  കേസ് വീണ്ടും സുപ്രീം കോടതിയിലെത്തുന്നതിന്‍റെ മുന്നോടിയായാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചുള്ള നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.

നെഹ്‌റു ട്രോഫി വള്ളം കളിയുടെ ട്രാക്കിന്‍റെയും ഹീറ്റ്‌സിന്‍റെയും നറുക്കെടുപ്പ് ശനിയാഴ്ച്ച ഉച്ചയ്ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ വള്ളം കളിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിയമാവലികളും ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കും. 22 വള്ളങ്ങളാണ് ഇത്തവണ ചുണ്ടന്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.