ഗള്‍ഫ് പര്യടനത്തിനിടെ മുഖ്യമന്ത്രി ഒമാനില്‍; സന്ദര്‍ശനം ബഹിഷ്‌കരിച്ച് യു.ഡി.എഫ് പ്രവാസി സംഘടനകള്‍

Jaihind News Bureau
Thursday, October 23, 2025

മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം ബഹിഷ്‌കരിച്ച് യു.ഡി.എഫ് പ്രവാസി സംഘടനകള്‍. യു.ഡി.എഫ് അനുഭാവ പ്രവാസി സംഘടനകളായ ഒ.ഐ.സി.സി., കെ. എം.സി.സി, ഐ. ഒ. സി എന്നിവയാണ് മുഖ്യമന്ത്രിയുടെ ഒമാനിലെ ചടങ്ങുകള്‍ പൂര്‍ണ്ണമായും ബഹിഷ്‌ക്കരിച്ചത്. സന്ദര്‍ശനത്തിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രമാണെന്ന് ആക്ഷേപിച്ചാണ് ബഹിഷ്‌കരണം.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി ഒമാനിലെത്തിയത്. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രവാസി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി ഒമാനില്‍ വെള്ളിയാഴ്ച നടക്കും. അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന ‘പ്രവാസോത്സവം 2025’ന്റ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍ര്‍വഹിക്കും.