സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് സഞ്ജീവ് ഖന്ന സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായിരുന്നു. അഭിഭാഷകരും സഹപ്രവര്‍ത്തകരും യാത്രയയപ്പ് നല്‍കും. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് ആണ് അടുത്ത ചീഫ് ജസ്റ്റിസ്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കല്‍, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കല്‍, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ശരിവെക്കല്‍ തുടങ്ങിയ വിധികളെഴുതിയത് ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചാണ്. ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാലജാമ്യമനുവദിച്ചത് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസ് ആയിരിക്കെ ആരാധനാലയ നിയമത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ മസ്ജിദുകള്‍ക്കും ദര്‍ഗ്ഗകള്‍ക്കും സര്‍വ്വേ അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള കീഴ്‌ക്കോടതി നടപടികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തടഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും എടുത്തുമാറ്റണമെന്ന ഹര്‍ജി തള്ളിയതും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്.