ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും കൈകോര്‍ത്തു പിടിച്ചാണ് മുന്നോട്ടുപോവേണ്ടതെന്ന് ഏകകണ്ഠമായ വിധിയിലൂടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന എഴുതിയ വിധിയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ യോജിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എന്‍വി രമണയും വിധിയോടു യോജിച്ചുകൊണ്ടുതന്നെ പ്രത്യേക വിധിന്യായങ്ങള്‍ എഴുതി.

പൊതുതാത്പര്യം ആവശ്യപ്പെടുന്നത് സുതാര്യതയാണെന്ന് വിധിയില്‍ ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം ഈ സുതാര്യത ഉറപ്പുവരുത്തേണ്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും കൈകോര്‍ത്തുപിടിച്ചു മുന്നേറേണ്ടതാണെന്ന്, ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

സുതാര്യതാ നിയമം നടപ്പാക്കുന്നതില്‍ സന്തുലനത്തോടെയാവണമെന്ന് പ്രത്യേക വിധിയില്‍ ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന വിധത്തില്‍ അതു നടപ്പാക്കരുത്. ജുഡീഷ്യറിയെ ഇത്തരം ലംഘനങ്ങളില്‍നിന്ന് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. വിവരാവകാശ നിയമം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള നിതാന്ത നോട്ടത്തിനുള്ള ഉപകരണമായി മാറ്റരുതെന്ന് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു.

ജുഡീഷ്യല്‍ സ്വാതന്ത്ര്യം എന്നത് ജഡ്ജിമാര്‍ നിയമവാഴ്ചയ്ക്ക് അതീതരാണ് എന്നല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജഡ്ജിമാരും ഭരണഘടനാ പദവിയാണ് വഹിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിലെ വിവരാവകാശ കമ്മിഷണറാണ് ഹര്‍ജി നല്‍കിയത്.

Comments (0)
Add Comment