‘ഈ ഘട്ടത്തില്‍ ജനങ്ങളിലേക്ക് പണം എത്തിക്കേണ്ട സര്‍ക്കാര്‍ അവരില്‍ നിന്നും പണം പിടിച്ചെടുക്കുകയാണ്‌’; ഇന്ധന തീരുവ കൂട്ടിയതിനുപിന്നാലെ കേന്ദ്രത്തിനെതിരെ പി.ചിദംബരം എം പി

Jaihind News Bureau
Wednesday, May 6, 2020

 

പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി  . സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ചുമത്തുന്നത് കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘സര്‍ക്കാരില്‍ നിന്നും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് തിരിച്ചാണ്. ജനങ്ങളില്‍ നിന്നും അവര്‍ പണം പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് ക്രൂരമാണ്. പുതിയതും ഉയര്‍ന്നതുമായ നികുതികള്‍ കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കും. സര്‍ക്കാര്‍ അവരുടെ ധനകമ്മി നികത്താന്‍ കടംവാങ്ങുകയാണ് വേണ്ടത്. സാമ്പത്തിക പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ജനങ്ങളില്‍ ചുമത്തരുത്’. ചിദംബരം കുറിച്ചു.

അതേസമയം പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന.  ആഗോളവിപണിയില്‍ എണ്ണ വില കുറച്ചിട്ടും മാര്‍ച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധനനികുതി വര്‍ധിപ്പിക്കുന്നത്.