ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ? എങ്കില്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?; മോദിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തി പി. ചിദംബരം

 

ഇന്ത്യന്‍ മണ്ണിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നും സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ പി. ചിദംബരം എം.പി. പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോയെന്ന് അദ്ദേഹം ചോദിച്ചു. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെങ്കില്‍ മെയ് 5നും 6നും വലിയ തോതില്‍ സംഘര്‍ഷം ഗാല്‍വന്‍ താഴ്‌വരയില്‍ നടന്നെതെന്തിനാണ്. 20 സൈനികര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ജൂണ്‍ 6ന് കോര്‍പ്‌സ് കമാന്‍ഡര്‍മാരുടെ യോഗം നടന്നത് എന്തിനുവേണ്ടിയായിരുന്നുവെന്നും പ്രധാനമന്ത്രി  വ്യക്തമാക്കണം. ആരും കടന്നുകയറിയില്ലെങ്കില്‍ പിന്നെന്തിനാണ് മേജര്‍ ജനറല്‍മാരുടെ ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എവിടെവച്ചാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment