മന്ത്രിയുടെ വാക്ക് പാഴായി; ജനങ്ങള്‍ക്ക് ഇരുട്ടടിയായി കോഴിയിറച്ചി വില ഉയരുന്നു; ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയിൽ സ്വീകാര്യമല്ലെന്ന് ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ

Jaihind News Bureau
Friday, May 22, 2020

മലപ്പുറം ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയിൽ കോഴിയിറച്ചി വിൽക്കാൻ കഴിയില്ലെന്ന് ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ. അസോസിയേഷനുമായി എഡിഎം നടത്തിയ ചർച്ച പരാജയപ്പെട്ടു. 87 രൂപക്ക് ചിക്കൻ ലഭ്യമാക്കുമെന്ന മന്ത്രി തോമസ് ഐസക്കിന്‍റെ വാക്കും പാഴായതോടെ ജില്ലയിൽ കോഴിയിറച്ചി വില കിലോക്ക് 250 രൂപ വരെ. പെരുന്നാൾ ആഘോഷിക്കാനിരിക്കുന്ന ജനങ്ങൾക്ക് കോഴിയിറച്ചി വില ഇരുട്ടടിയാവും.

160 രൂപക്ക് വിറ്റിരുന്ന കോഴിയിറച്ചി ഒരു ഇടവേളക്ക് ശേഷം കിലോക്ക് 220 രൂപക്ക് മുകളിൽ എത്തിയിട്ടും വിപണിയിൽ ഭരണകൂടം ഇടപെടാത്തത് ജയ്‌ഹിന്ദ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സമരവുമായി രംഗത്തി. പിന്നീടാണ് ചിക്കൻ ഡീലേഴ്‌സ് അസോസിയേഷനുമായി വിലനിർണയവുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ചർച്ച നടത്താൻ തയ്യാറായത്. 150 രൂപക്ക് കോഴിയും, 230 രൂപക്ക് കോഴിയിറച്ചിയും ലഭ്യമാക്കാൻ എഡിഎം ചിക്കൻ ഡീലേഴ്സ് അസോസിയേഷനോട്‌ ആവശ്യപ്പെട്ടു. എന്നാൽ അതിന് കഴിയില്ലെന്നും 240 രൂപക്ക് എങ്കിലും വിറ്റാൽ മാത്രമേ മുടക്ക്മുതൽ എങ്കിലും ലഭിക്കൂ എന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്‌ ബാബു കൊണ്ടോട്ടി പറഞ്ഞു

എന്നാൽ കോഴിയിറച്ചി കിലോ 230 രൂപയും കോഴിക്ക് കിലോക്ക് 150 രൂപക്ക് മുകളിലും വില ഈടാക്കിയാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ബീഫിന് കിലോക്ക് 300 രൂപ വരെ ഉള്ളതിനാൽ സാധാരണക്കാർ ആഘോഷങ്ങൾക്ക് കൂടുതൽ ആശ്രയിക്കുന്നത് കോഴിയിറച്ചിയാണ്.

ലോക്ക്ഡൗണിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾ ചെലവ് ചുരുക്കി പെരുന്നാൾ ആഘോഷിക്കുന്നതിനിടെ കോഴിയിറച്ചി കിലോക്ക് 250 രൂപ വരെ കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരന് സമ്മാനിക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കും.