Cheteshwar Pujara| ചേതേശ്വര്‍ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് 

Jaihind News Bureau
Sunday, August 24, 2025

ചേതേശ്വര്‍ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിരുന്നു. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 7,195 റണ്‍സ് നേടിയ പുജാര ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ എട്ടാമത്തെ കളിക്കാരനാണ്. 2023-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

ആധുനിക ക്രിക്കറ്റില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെട്ടിരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു ചേതേശ്വര്‍ പൂജാര. 19 സെഞ്ച്വറികളും 35 അര്‍ദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ കരിയറിന് മാറ്റ് കൂട്ടി. കരിയറിന്റെ അവസാന ഘട്ടത്തില്‍ മോശം ഫോം അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്സാരമായി കാണാനാകില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രീസില്‍ ഉറച്ചുനിന്ന് ടീമിന് വേണ്ടി പൊരുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.

ക്രീസിലെ ഉറച്ച സാങ്കേതികതയ്ക്കും അസാമാന്യമായ ക്ഷമയ്ക്കും പേരുകേട്ട പൂജാര, പലപ്പോഴും വെല്ലുവിളി നിറഞ്ഞ വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തേകി. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ നേടിയ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയങ്ങളില്‍ അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് നിര്‍ണ്ണായകമായിരുന്നു.

37-കാരനായ പൂജാര അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ്. അതിനുശേഷം ടീമിന് പുറത്തായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നു. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. പൂജാരയുടെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ, പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റിലെ ഒരു യുഗത്തിന്റെ അവസാനമാണ്.