CHERTHALA| ചേര്‍ത്തല തിരോധന കേസുകള്‍: സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം ഇന്ന് വന്നേക്കും

Jaihind News Bureau
Wednesday, August 6, 2025

ചേര്‍ത്തലയിലെ തിരോധന കേസുകളില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് വന്നേക്കും. കേസിലെ പ്രതിയായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ ഫലം അന്വേഷണത്തിന് വലിയ സഹായമാകും. ജൈനമ്മയുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ സെബാസ്റ്റ്യന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ അസ്ഥികളുടെ ഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം 28-നാണ് ക്രൈംബ്രാഞ്ച് സംഘം ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തിയത്. ഈ അസ്ഥികളാണ് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചത്. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുമെന്നിരിക്കെ, ഡിഎന്‍എ ഫലം ലഭിച്ചാല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞേക്കും.

കേസുമായി ബന്ധപ്പെട്ട് യാതൊരു കാര്യവും തുറന്നുപറയാന്‍ സെബാസ്റ്റ്യന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആദ്യം കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേതാണെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, പിന്നീട് രണ്ട് സ്ത്രീകളുടെ തിരോധാന കേസുകളിലും സെബാസ്റ്റ്യന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ, അസ്ഥി ഇവരുടേതാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തി.

നാല് വര്‍ഷത്തിലധികം പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ജൈനമ്മയെ കാണാതായത് 2024 ഡിസംബറിലാണ്. അതിനാല്‍, നാല് വര്‍ഷം പഴക്കമുള്ള ഈ അസ്ഥികള്‍ ആരുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ സംശയം നീങ്ങാന്‍ ഡിഎന്‍എ ഫലം നിര്‍ണായകമാണ്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി സെബാസ്റ്റ്യന്റെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.