ആലപ്പുഴ: ചേര്‍ത്തല ഐഷ തിരോധാനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കേസില്‍ സെബാസ്റ്റ്യന്റെ പങ്ക് കൂടുതല്‍ വ്യക്തമായ സാഹചര്യത്തിലാണ് ചേര്‍ത്തല എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യല്‍ ബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
2012-ല്‍ കാണാതായ റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം പല സംഘങ്ങള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് കാണാതായ ജൈനമ്മയുടെ കേസ് അന്വേഷിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന്‍ ഈ കേസിലും പ്രതിയാണെന്ന് സൂചന ലഭിച്ചത്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികള്‍ ഐഷയുടേതാണോ എന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. ഈ പരിശോധനാഫലം കേസില്‍ നിര്‍ണ്ണായകമാകും. 2012 വരെ ഐഷ പെന്‍ഷന്‍ കൈപ്പറ്റിയെന്നും, പിന്നീട് 2016 വരെ ട്രഷറി അക്കൗണ്ടില്‍ പണം എത്തിയിട്ടും കൈപ്പറ്റാത്തതില്‍ നിന്ന് 2012-ല്‍ തന്നെ ഐഷയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
ജൈനമ്മ, ബിന്ദു പത്മനാഭന്‍ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ അതിന്റെ റിപ്പോര്‍ട്ടും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.