കുഞ്ഞന്‍ എന്ന ചെർപുളശേരി പാർത്ഥൻ യാത്രയായി.. വികാരനിര്‍ഭരമായ യാത്രാമൊഴിയേകി പാപ്പാന്‍…

Jaihind Webdesk
Wednesday, May 8, 2019

കുഞ്ഞൻ എന്ന് ആരാധകരും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ വിളിക്കുന്ന ചെർപുളശേരി പാർത്ഥൻ എന്ന കൊമ്പന്‍റെ അന്ത്യയാത്ര വികാരനിർഭരമായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി ജനം അവനു യാത്ര നൽകുമ്പോഴാണു പാപ്പാൻ അവന്‍റെ മുഖത്തു കെട്ടിപ്പിടിച്ചു കരഞ്ഞത്.

ആനയോളം തന്നെ സ്‌നേഹം തിരിച്ചും കൊടുത്തു പ്രിയ കുഞ്ഞന്‍റെ വേർപാടു തളർത്തിയ ആനപ്രേമികളെ ഈ കരച്ചിലും ഉള്ളുലയ്ക്കുകയാണ്.

തൃശൂർ പൂരത്തിനു കൊടിയേറിയ ദിനത്തിൽ തന്നെയാണ് ആനപ്രേമികളെ സങ്കടത്തിലാക്കി ചെർപുളശേരി പാർത്ഥൻ ചരിഞ്ഞത്. കേരളത്തിൽ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു 44 വയസുള്ള പാർത്ഥൻ. തൃശൂർ പൂരത്തിനു കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാറുള്ളത് പാർത്ഥൻ ആയിരുന്നു.

അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പൂരങ്ങൾക്കു പാർത്ഥന്‍റെ വരവ് ആരാധകർ ആവേശമാക്കാറുണ്ട്.