ഇനി രണ്ട് കണ്ണും തുറന്ന് പ്രതികരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ചെറിയാന്‍ ഫിലിപ്പ്

 

തിരുവനന്തപുരം : ജനകീയ പ്രശ്‌നങ്ങളിൽ ഒറ്റക്കണ്ണൻ ആവില്ലെന്ന് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. അഴിമതി, വർഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ വ്യക്തമാക്കി.

അഴിമതിക്കെതിരെ പ്രതികരിക്കാൻ ‘ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ജനുവരി 1 ന് യൂട്യൂബ് ചാനൽ പ്രവർത്തനം ആരംഭിക്കും. പ്രശ്നാധിഷ്ഠിതമായിരിക്കും രാഷ്ട്രീയനിലപാടെന്നും ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

യൂ ട്യൂബ് ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറയുന്നു. നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാന്‍ സ്ഥാനം അദ്ദേഹം നിരസിച്ചിരുന്നു. ദുരന്തനിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കഴിഞ്ഞദിവസം ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.

Comments (0)
Add Comment