തിരുവനന്തപുരം : രണ്ടാം തവണയും രാജ്യസഭാ സീറ്റില്‍ പരിഗണിച്ച ശേഷം ഒഴിവാക്കിയതില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയത്തെക്കാള്‍ എഴുത്തിന് കുടുകല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.
നാല്‍പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആന്‍റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്‍റെ പിന്തുടർച്ചയായ നാല്‍പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിന്‍റെ തലക്കെട്ട്.