ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനം; സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം ആണെന്ന് തുറന്നു സമ്മതിച്ചു: രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, January 20, 2026

ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഇന്ന് സഭയില്‍ ഗവര്‍ണ്ണര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയായിരുന്നു ഈ നയ പ്രഖ്യാപനത്തിലൂടെ. സര്‍ക്കാരിന്റെ ധന കാര്യ മാനേജ്‌മെന്റ് അമ്പേ തകര്‍ന്നു. എല്ലാ മേഖലകളിലും സര്‍ക്കാര്‍ പരിപൂര്‍ണ പരാജയം ആണ് എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ നയപ്രഖ്യാപനമെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.

ജനങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിനു ധൈര്യം ഇല്ല. അതുകൊണ്ടാണ് നിരന്തരം വര്‍ഗീയത മാത്രം പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.12000 കോടിയുടെ തീരദേശ പാക്കേജും, 5000 കോടിയുടെ വയനാട് പാക്കേജും ഇതിനു മുമ്പുള്ള നയപ്രഖ്യാപനങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ നയപ്രസംഗം ഗവര്‍ണര്‍ കേവലം യന്ത്രികമായി ആവര്‍ത്തിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.