ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: ‘കേരള പൊലീസിന് ഭ്രാന്ത് പിടിച്ചു; മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്നും രമേശ് ചെന്നിത്തല

Jaihind News Bureau
Friday, December 19, 2025

കൊച്ചി: കേരളത്തിലെ പൊലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കൊച്ചിയില്‍ യുവതിക്ക് നേരെ നടന്ന പൊലീസ് മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്ത് പൊലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന അതിക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന എലപ്പുള്ളിയില്‍ മദ്യശാല കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാരിന് കോടതിയുടെ ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് പിന്നില്‍ വലിയ തോതിലുള്ള അഴിമതിയും കൊള്ളയുമാണ് നടന്നത്. പദ്ധതി പൂര്‍ണ്ണമായും റദ്ദാക്കി സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിനെതിരെ കേസെടുത്ത നടപടിയെയും അദ്ദേഹം പരിഹസിച്ചു. ‘പാരഡി ഗാനങ്ങള്‍ കേരളത്തില്‍ ആദ്യമായാണോ? വരികളല്ല, മറിച്ച് സ്വര്‍ണ്ണം മോഷ്ടിച്ചതാണ് ജനങ്ങളെ വേദനിപ്പിക്കുന്നത്. സ്വര്‍ണ്ണം കട്ടവരെ പുറത്താക്കുന്നതിന് പകരം സത്യം പറയുന്ന ജനങ്ങളെ വെല്ലുവിളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ ചെന്നിത്തല പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.