കേരള കോണ്‍ഗ്രസ് എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ന് സി.പി.എമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥ: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, January 16, 2026

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യു.ഡി.എഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരുവിധ ഔദ്യോഗിക ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്നണി വിപുലീകരണത്തിന്റെ കാര്യത്തില്‍ യു.ഡി.എഫിന് വ്യക്തമായ നിലപാടുണ്ടെന്നും ആരെങ്കിലും വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അപ്പോള്‍ ആലോചിക്കുമെന്നല്ലാതെ ആരെയും അങ്ങോട്ട് പോയി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം ഇല്ലാതെ തന്നെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയെന്നും, ഇതേ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫ് വിട്ടു വരുന്നവരെ ‘വര്‍ഗ്ഗവഞ്ചകര്‍’ എന്ന് വിളിക്കുന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. യു.ഡി.എഫ് വിട്ട് അങ്ങോട്ട് പോകുന്നവര്‍ പുണ്യാളന്മാരും, സി.പി.എമ്മിലെ നയങ്ങളില്‍ മനംമടുത്ത് കോണ്‍ഗ്രസിലേക്ക് വരുന്നവര്‍ വര്‍ഗ്ഗവഞ്ചകരും ആകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എമ്മിന് കമ്മ്യൂണിസം ഇല്ലാതായതില്‍ പ്രതിഷേധിച്ചാണ് യഥാര്‍ത്ഥ വിശ്വാസികള്‍ പാര്‍ട്ടി വിടുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട്ടില്‍ ഉള്‍പ്പെടെ ഇന്നും രാജി തുടരുന്നതെന്നും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ന് സി.പി.എമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കി. ശബരിമലയില്‍ ക്രമക്കേട് നടത്തിയത് ആരുടെ കാലത്താണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്തെ നടപടികള്‍ സുതാര്യമായിരുന്നുവെന്നും തന്ത്രിക്ക് വാജിവാഹനം നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരസ്യമായാണ് നടന്നതെന്നും അതില്‍ രഹസ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കൊള്ളക്കാരെ രക്ഷിക്കാനാണ് യു.ഡി.എഫിന്റെ കാലത്താണ് സ്വര്‍ണ്ണം കാണാതായത് എന്ന വാദം ഇപ്പോള്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.