എ.കെ. ബാലന്‍ സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയില്‍; ശബരിമല കൊള്ളയില്‍ വമ്പന്‍ സ്രാവുകളെ സംരക്ഷിക്കുന്നത് ദുരൂഹം: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, January 7, 2026

തിരുവനന്തപുരം: എ.കെ. ബാലന്റെ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെയും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണ വീഴ്ചക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ബി.ജെ.പിയുടെ സ്വരത്തിലും ഭാഷയിലുമാണ് എ.കെ. ബാലന്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെ സഹായിക്കാനാണ് സി.പി.എം ഈ നിലപാട് സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നത് ഇടത് മുന്നണിയുടെ നയമാണോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഇത് കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശബരിമല കൊള്ളയ്ക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ട്. എന്നാല്‍ നിലവിലെ അന്വേഷണസംഘത്തിന്റെ പരിമിതികള്‍ കാരണം ഈ വശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുന്നില്ല. ശബരിമലയിലെ എല്ലാ കൊള്ളകള്‍ക്കും നേതൃത്വം നല്‍കിയത് സി.പി.എമ്മും ആ പാര്‍ട്ടിയുടെ നേതാക്കളുമാണ്. കേസിലെ വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം എത്താതിരിക്കുന്നത് ദുരൂഹമാണ്. അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് ക്യാമ്പ് വലിയ രാഷ്ട്രീയ ഉണര്‍വാണ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കും മുഖ്യ ഘടകമെന്നും പാര്‍ട്ടി ഗൗരവമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.