മന്ത്രിക്ക് എതിരായ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു; തുടർ നടപടികള്‍ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍ സര്‍വ്വകലാശാല വി സിയുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന് എതിരായ വാദങ്ങളില്‍ നൂറു ശതമാനം ഉറച്ചു നില്‍ക്കുന്നതായി  രമേശ് ചെന്നിത്തല. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ ബിന്ദു ശുപാര്‍ശ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ലോകായുക്തയേയും വിമര്‍ശിച്ച രമേശ് ചെന്നിത്തല ആര്‍ ബിന്ദുവിന്‍റെ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു.

കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിന് എതിരേ ഉന്നയിച്ച എല്ലാ വാദങ്ങളും ഇപ്പോഴും പ്രസക്തമാണ്. നിയമപരവും സത്യസന്ധവുമായ കാര്യങ്ങളാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിയുടെ നടപടി സ്വജനപക്ഷപാതം തന്നെയാണ്. അല്ലാതെ നിയമനത്തില്‍ എങ്ങിനെയാണ് മന്ത്രി ഇടപെടുന്നതെന്നും അദ്ദേഹം  ചോദിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും  ആര്‍ ബിന്ദുവിന്‍റെ വ്യക്തിപരമായ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment