വൈദ്യുതി കരാർ അഴിമതിയില്‍ ഉറച്ച് രമേശ് ചെന്നിത്തല ; കെഎസ്ഇബി അദാനിക്ക് നല്‍കിയ കത്ത് പുറത്തുവിട്ടു

Jaihind Webdesk
Sunday, April 4, 2021

 

ഇടുക്കി : കെഎസ്ഇബി-അദാനി വൈദ്യുതി കരാര്‍ അഴിമതി ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അദാനിയുമായി കരാറില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. റഗുലേറ്ററി കമ്മീഷന്റെ കത്ത് തെളിവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 3.04 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

5.2.2021 ലാണ് കെ.എസ്.ഇ.ബി ഈ ലറ്റര്‍ ഓഫ് അവാര്‍ഡ് അദാനി എന്റര്‍പ്രൈസ്സ് ലിമിറ്റഡിന് നല്‍കിയത്. അദാനി എന്റര്‍പ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി.യുടെ മൊമേഴ്സ്യല്‍ ആന്റ് പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ് ഈ ലറ്റര്‍ ഓഫ് അവാര്‍ഡ് ഒപ്പുവച്ചു നല്‍കിയിട്ടുള്ളത്. ചീഫ് എന്‍ജിനീയറുടെ പൂര്‍ണ്ണ അധികാരത്തോടെയാണ് ഈ രേഖയില്‍ ഒപ്പുവയ്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2021 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍16 മുതല്‍ 30 വരെയും മെയ് 1 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും കറന്റ് വാങ്ങാന്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുള്ളത്. ഇതതനുസരിച്ച് അദാനിയുടെ കറന്റ് കൂടിയ വിലയ്ക്ക്, അതായത് യൂണിറ്റിന് 3.04 രൂപ വെച്ച് കെ.എസ്.ഇ.ബി.ക്ക് കിട്ടിത്തുടങ്ങുകയും ചെയ്തിരിക്കുകയാണ്.  ആരാണ് കള്ളം പറയാന്‍ മടിയില്ലാത്തയാള്‍ എന്നും ആര്‍ക്കാണ് കാര്യമായി എന്തോ പറ്റിയതെന്നും മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അദാനിക്ക് ലറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീന്‍ കെ.എസ്.ഇ.ബി. കത്തെഴുതുകയുണ്ടായി. അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ 17.3.2021 ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്.  ഇതെല്ലാം രേഖകളിലുള്ള കാര്യമാണ്. എന്നിട്ടും എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.