
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ വൈകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കൊള്ളയ്ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ സംരക്ഷണമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ഭയപ്പെടുകയാണ്. പ്രതികള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം പുറത്തുവരുമോ എന്നും കൂടുതല്‍ നേതാക്കളുടെ പേരുകള്‍ അവര്‍ വിളിച്ചുപറയുമോ എന്നുള്ള ഭയവുമാണ് ഈ മൗനത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.ഐ.ടിയെ ചോദ്യം ചെയ്ത് ചെന്നിത്തല അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും എന്തുകൊണ്ടാണ് പ്രധാന തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതെന്ന് ചെന്നിത്തല ചോദിച്ചു. ചില ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്, എന്നാല്‍ അത് ഈ കേസില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണമാണോ എന്ന് വ്യക്തമാക്കണം. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന പുരാവസ്തുവായി ഈ സ്വര്‍ണ്ണം വിറ്റഴിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ, വെറും ‘പരലുകളെ’ മാത്രം പിടിച്ചതുകൊണ്ട് കാര്യമില്ലെന്ന് ചെന്നിത്തല പരിഹസിച്ചു. ഈ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള വന്‍ സ്രാവുകളെ വലയിലാക്കാന്‍ അന്വേഷണ സംഘം തയ്യാറാകണം. അല്ലാത്തപക്ഷം ഈ കേസ് വെറും പ്രഹസനമായി മാറും. തൊണ്ടിമുതല്‍ വേഗത്തില്‍ വീണ്ടെടുക്കുകയും യഥാര്‍ത്ഥ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.