നവോത്ഥാന നായകന്‍റെ വേഷം  മുഖ്യമന്ത്രി അഴിച്ചുവച്ചോ ? ശബരിമലയില്‍ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 9, 2021

 

തൃശ്ശൂര്‍ : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ മുന്‍നിലപാട് തെറ്റിപ്പോയെന്ന് ജനങ്ങളോട് മാപ്പുപറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യകേരള യാത്രക്ക് തൃശൂർ ചേലക്കരയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേരളത്തിലെ വിശ്വാസ സമൂഹത്തിന്‍റെ ആവശ്യമാണ് ശബരിമല വിഷയം. എന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനാണ് സിപിഎം ആദ്യം ശ്രമിച്ചത്. നിവൃത്തിയില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ സിപിഎം ചുവടുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ചെയ്തതെല്ലാം തെറ്റായി പോയെന്നും ഞങ്ങള്‍ അത് തിരുത്തുമെന്നും ഞങ്ങള്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒരു പുതിയ സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ ശരിയാണ്. അങ്ങനെ ഒരു സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. നവോത്ഥാന നായകന്‍റെ വേഷം  അഴിച്ചുവെച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ജനങ്ങളോട് പറയട്ടെയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു