ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെതിരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് തകർപ്പൻ ജയം

Jaihind Webdesk
Friday, October 19, 2018

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് തകർപ്പൻ ജയം. ആദ്യ പകുതിയിൽ തന്നെ ഗോൾമഴ കണ്ട് മത്സരത്തിൽ മൂന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു ചെന്നൈയിന്‍ എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റിന്‍റെ വിജയം.

ആദ്യ പകുതിയിൽ തന്നെ ഇരുവരും മൂന്ന് ഗോളുകൾ വീതം നേടിയിരുന്നു. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമാണ് നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചത്. നോർത്ത് ഈസ്റ്റിന് വേണ്ടി ബാർത്തൊളോമ്യൂ ഒഗ്ബഷെ ഹാട്രിക് നേടി. ഐഎസ്എൽ പുതിയ സീസണിൽ ആദ്യ ഹാട്രിക്കായിരുന്നിത്.

റൗളിൻ ബോർജസിന്‍റെ വകയായിരുന്നു ഒരു ഗോൾ. ആതിഥേയർക്ക് വേണ്ട് തോയ് സിങ് രണ്ട് ഗോൾ നേടി. ഒന്ന് റൗളിന്‍റെ സെൽഫ് ഗോളായിരുന്നു.

ആദ്യ 15 മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് രണ്ട് ഗോളിന് പിന്നിൽ പോയി. സന്ദർശകർ ഗോൾ വാങ്ങിക്കൂട്ടുമെന്ന് തന്നെ കരുതി. ബോർജസിന്‍റെ സെൽഫ് ഗോളും തോയ് സിങ്ങിന്‍റെ ആദ്യ ഗോളുമാണ് ടീമിനെ പിന്നിലേക്ക് നയിച്ചത്. എന്നാൽ നോർത്ത് ഈസ്റ്റ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ഓഗ്ബഷെ 29ആം മിനുട്ടിൽ ഒരു ഗോൾ മടക്കി. ഇതിനിടെ തോയ് സിംഗ് വീണ്ടും ചെന്നൈയിനായി വല കുലുക്കി. സ്‌കോർ 3-1.

എന്നാൽ നാല് മിനിറ്റുകൾക്കിടെ രണ്ട് ഗോൾ തിരിച്ചടിച്ച് നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. 37, 39 മിനിറ്റുകളിലായിരുന്നു ഒഗ്ബഷെയുടെ ഗോൾ. ഐ എസ് എൽ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കും. രണ്ടാം പകുതിയിൽ ഇരുവരും ഗോൾ വീഴാതെ നോക്കി. എന്നാൽ തന്‍റെ പിഴവിൽ വീണ സെൽഫ് ഗോളിന് ബോർജസ് പ്രായശ്ചിത്തം ചെയ്തു. രണ്ടാം പകുതി ആരംഭിച്ച ഉടനെ 54ആം മിനിറ്റിലായിരുന്നു ബോർജസിന്‍റെ ഗോൾ. ഇതോടെ നോർത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്‍റുമായി ഒന്നാമതെത്തി. മൂന്നിലും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്.