ചെന്നൈ ട്രെയിന്‍ അപകടം: ‘സര്‍ക്കാര്‍ ഉണരാന്‍ ഇനിയുമെത്ര ജീവന്‍ പൊലിയണം?’; അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും കേന്ദ്രം പാഠം പഠിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, October 12, 2024

 

തമിഴ്നാട്: ചെന്നൈ ട്രെയിൻ അപകടത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഉണരാൻ ഇനിയുമെത്ര ജീവൻ പൊലിയണമെന്ന് രാഹുല്‍ ചോദിച്ചു. ട്രെയിനുകളുടെ കൂട്ടിയടി തുടര്‍ക്കഥയായിട്ടും കേന്ദ്രം ഒരു പാഠവും പഠിച്ചില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദക്കി. 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.

തുടര്‍ക്കഥയാവുകയാണ് ട്രെയിന്‍ അപകടം. കേന്ദ്രത്തിന്‍റെ പിഴവാണിതിന്‍റെ പ്രധാനകാരണം.  അതേസമയം അപകടത്തിൽ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്നൽ തകരാറിന് സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.