ട്രെയിനുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് അയ്യപ്പഭക്തര്‍; സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

Jaihind Webdesk
Tuesday, December 5, 2023


മിഗ്‌ജോം ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദ് ചെയ്തതോടെ വലഞ്ഞ് അയ്യപ്പഭക്തര്‍. ശബരിയിലെത്തി മടങ്ങാനൊരുങ്ങിയ തമിഴ്‌നാട്, ആന്ധ്ര സ്വദേശികളാണ് ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദ് ചെയ്തതോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്. അതേസമയം പമ്പയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നും കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങി. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരിമലയില്‍ നിന്ന് ചെങ്ങന്നൂരെത്തിയപ്പോഴാണ് ഭൂരിഭാഗം അയ്യപ്പഭക്തരും ബുക്ക് ചെയ്ത ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നറിഞ്ഞത്. ഇതോടെ കുട്ടികള്‍ ഉള്‍പ്പെടുന്ന ഭക്തര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ അഭയം തേടി. രാത്രി വൈകിയും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തി. പുലര്‍ച്ചയോടെ മലയിറങ്ങിയവരാണ് കൂടുതല്‍ വലഞ്ഞത്. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകളാണ് റദ്ദാക്കിയത്. ചെന്നൈയില്‍ മഴ കുറഞ്ഞതോടെ സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.