ചെന്നൈയിൽ വരൾച്ച രൂക്ഷമായി തുടരുന്നു; ജലക്ഷാമം നേരിടാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം

ചെന്നൈയിൽ വരൾച്ച രൂക്ഷമായി തുടരുന്നു. ഇതുവരെ ജലക്ഷാമം നേരിടാൻ സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണം ശക്തമാണ്.  നാളെ ഡിഎംകെയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉച്ചയ്ക്ക് 12മണിക്കാണ് യോഗം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സഹായം തേടുന്നത് ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും.കേരളത്തിൽ നിന്നും
ട്രെയിൻമാർഗം ഇരുപത് ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം അഭ്യർത്ഥിക്കുന്നതടക്കം യോഗത്തിൽ ചർച്ചയാകും.

തമിഴ്‌നാട്ടിൽ മഴ കനിയേണ്ട ദിവസങ്ങളാണ് കടന്നു പോകുന്നത്. എന്നാൽ മഴപെയ്തിട്ട് ഇന്നേക്ക് 196 ദിവസങ്ങളായി. കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥ. തെരുവുകളിൽ വെള്ളത്തിനായുള്ള കലഹങ്ങൾ പരിഹരിക്കാൻ പോലീസ് എത്തേണ്ടിവരുന്ന കാഴ്ച്ച. കൊടുംവരൾച്ചയുടെ ഏറ്റവും ദുരിതപൂർണമായ ദിവസങ്ങളിലൂടെയാണ് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങൾ കടന്നു പോകുന്നത്. മഴക്കായുള്ള പ്രാർത്ഥനകളും പൂജകളും ഒരുഭാഗത്ത് നടത്തുമ്പോൾ നിഷ്‌ക്രിയമായ സർക്കാരിനെതിരെയുള്ള രോഷ പ്രകടനങ്ങളാണ് മറുഭാഗത്ത്. നാളെ ഡിഎംകെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയുമാണ്. ജലക്ഷാമം നേരിടാൻ സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ ജലം എത്തിക്കാനായി റെയിൽവേയെ വരെ സമീപിച്ചതായി സർക്കാരും വിശദീകരിക്കുന്നു. വരൾച്ച പെരുപ്പിച്ചുകാട്ടുകയാണ് മാധ്യമങ്ങളെന്നാണ് സർക്കാരിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കാനാവില്ലെന്ന നിലപാടിൽ തമിഴ്‌നാട്ടിലെ മാധ്യമങ്ങളും നിൽക്കുന്നു. ഏതായാലും വികസനക്കുതിപ്പെന്ന ചെന്നൈയുടെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയാവുകയാണ് വരൾച്ച. പരിസ്ഥിതിക്ക് പ്രതികൂലമായ അശാസ്ത്രീയ നിർമ്മാണങ്ങളുൾപ്പെടെയാണ് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒപ്പം ഇത് മറ്റു സംസ്ഥാനങ്ങൾക്ക് പാഠമാണെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.

droughtChennai
Comments (0)
Add Comment