ചേലക്കര എല്‍ഡിഎഫില്‍ നിന്ന് തിരിച്ചു പിടിക്കും,വയനാടും പാലക്കാടും നിലനിര്‍ത്തും: കെ സുധാകരന്‍ എം പി

Jaihind Webdesk
Tuesday, November 5, 2024

ചേലക്കര: എല്‍ഡിഎഫില്‍ നിന്ന് ചേലക്കര നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.  സി പി എമ്മിന്റെ അധികാര ധാര്‍ഷ്ഠ്യത്തിനെതിരെ ജനങ്ങള്‍ നല്‍കുന്ന വിധിയെഴുത്താവുമിത്. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാടും സംഘപരിവാറിനെ നേര്‍ക്ക് നേര്‍ നേരിടുന്ന പാലക്കാടും ഉജ്ജ്വലമായി നിലനിര്‍ത്തുമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജീവിതത്തില്‍ സമസ്തവും നഷ്ടപ്പെട്ട വയനാട് ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാക്കുന്ന വയനാട് പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിക്കാത്തത് പ്രതിഫലിക്കും.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിലക്കയറ്റം, സിപിഎമ്മിന്റെ സംഘപരിവാര്‍ ബന്ധം, തൃശ്ശൂര്‍പൂരം കലക്കല്‍, അഴിമതി, ധൂര്‍ത്ത് എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്യും.  കോടികള്‍ കമ്മീഷന്‍ പറ്റാനും അഴിമതി നടത്താനുമാണ് ജനം തള്ളിയ കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.  സിപിഎം – ബിജെപി അന്തര്‍ധാരയുടെ ഭാഗമാണ് കെ. റെയലിന് ഇത്രയും നാള്‍ അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നത്.

ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമായ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.  കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ഇടതുഭരണത്തില്‍ കേരളം കടന്ന് പോകുന്നത് അപകടകരമായ അവസ്ഥയിലൂടെയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എല്ലാത്തരം ക്രിമിനലുകളായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ്.  സ്ത്രീകള്‍ക്കെതിരായ അതിക്രമം പെരുകി. തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ പൂര്‍ണ്ണമായ വിലയിരുത്താലാകുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.