കഥകളി ആചാര്യ ചവറ പാറുക്കുട്ടിയമ്മ അന്തരിച്ചു

Jaihind Webdesk
Friday, February 8, 2019

ParukkuttyAmma

പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു.76 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. ഭൗതികശരീരം ഇന്ന് ചവറയിലുള്ള നാട്യധർമ്മിയിൽ പൊതുദർശനത്തിന് വയ്ക്കും.

അഞ്ച് പതിറ്റാണ്ടിലേറെ കഥകളി രംഗത്ത് വേഷമാടിയാണ് ചവറ പാറുക്കുട്ടിയുടെ വിടവാങ്ങൽ. മഹാപ്രതിഭയുടെ നിര്യാണത്തോടെ കഥകളി ലോകത്തെ സ്ത്രീ പർവ്വ സൃഷ്ടാവിന്റെ ആട്ടക്കഥയ്ക്കാണ് തിരശ്ശീല വീണിരിക്കുന്നത്.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ചെക്കാട്ടു കിഴക്കതിൽ എൻ. ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1943 ഫെബ്രുവരി 21നായിരുന്നു പാറുക്കുട്ടിയുടെ ജനനം.

കാമൻ‌കുളങ്ങര എൽ.പി.സ്കൂളിലും ചവറ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. വിമൻസ് കോളേജിൽ നിന്നും പ്രി-യൂണിവേർസിറ്റിയും തുടർന്നു് ഫാത്തിമ മാതാ നാഷണൽ കോളെജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദവും പാസ്സാ‍യി.സ്കൂൾ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജ് വിദ്യാഭ്യാസത്തിനിടെയാണ് കഥകളി പഠനത്തിലേക്കു തിരിഞ്ഞത്. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴിലായിരുന്നു കഥകളി പOനം.

കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പൂതനാമോക്ഷത്തിലെ ലളിത-പൂതനയായി അരങ്ങേറ്റം. തുടർന്നു് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീവേഷങ്ങൾക്ക് തുടക്കമിട്ടു.

പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമായി ചവറ പാറുക്കുട്ടിയമ്മ മാറി. തെക്കും വടക്കുമുള്ള പ്രസിദ്ധനടന്മാരോടുമൊപ്പം പാറുക്കുട്ടി അരങ്ങിലെത്തി.മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ വത്സലശിഷ്യ കൂടിയായിരുന്നു.

കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലൂടെയായിരുന്നു പാറുക്കുട്ടി ശ്രദ്ധേയയായത്.സ്ത്രീവേഷങ്ങൾക്കുപരി, പുരുഷവേഷങ്ങൾ കൈകാര്യം ചെയ്യാനും മിടുക്കി. ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്തു. ദേവയാനി , ദമയന്തി , പൂതന ലളിത , ഉർവ്വശി, സതി, കുന്തി, പ്രഹ്ലാദൻ, കൃഷ്ണൻ, തുടങ്ങിയ വേഷങ്ങൾ കെട്ടിയാടി. എങ്കിലും ഏറ്റവും പ്രിയപ്പെട്ട വേഷം ദേവയാനിയായിരുന്നു. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്‌, ഹൈദരലി സ്മാരക കഥകളി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീതനാടക അക്കാദമി “ഗുരുപൂജ” പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്‌ തുടങ്ങി നിരവധി അംഗീകാരങ്ങളും പാറുക്കുട്ടിയെ തേടിയെത്തി. കലാമണ്ഡലം ധന്യ എസ്. കുമാർ മകളാണ്.