Charlie Kirk| ചാര്‍ലി കിര്‍ക്ക് വധം: അക്രമിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതം, പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ

Jaihind News Bureau
Friday, September 12, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും തീവ്ര വലതുപക്ഷ ചിന്തകനുമായ ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്രമിയുടേതെന്ന് കരുതുന്ന ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും എഫ്.ബി.ഐ. പുറത്തുവിട്ടു. തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവിന്റെ ചിത്രമാണ് എഫ്.ബി.ഐ. പങ്കുവെച്ചത്. കെട്ടിടങ്ങള്‍ക്കുമുകളിലൂടെ ചാടിയിറങ്ങി ആളൊഴിഞ്ഞ വഴിയിലൂടെ ക്യാംപസില്‍ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് എഫ്.ബി.ഐ. ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടിക്കൊണ്ട് സമൂഹമാധ്യമങ്ങളിലും എഫ്.ബി.ഐ. കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

യു.എസിലെ ഏറ്റവും വലിയ തിരച്ചിലുകളിലൊന്നാണ് കിര്‍ക്കിന്റെ കൊലയാളിക്ക് വേണ്ടി നടക്കുന്നത്. വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഹൈ-പവര്‍ഡ് ബോള്‍ട്ട്-ആക്ഷന്‍ റൈഫിള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ കിര്‍ക്ക് സംസാരിച്ചിരുന്ന വേദിക്ക് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിയുതിര്‍ത്ത ശേഷം ഇതേ കെട്ടിടം വഴി അക്രമി രക്ഷപ്പെട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബുധനാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാല്‍ വിട്ടയച്ചു.

അതേസമയം, മരണാനന്തര ബഹുമതിയായി കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഒരു സാധാരണ അമേരിക്കന്‍ പൗരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണിത്. കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്ര ഇടതുപക്ഷമാണെന്ന് ട്രംപ് ആരോപിച്ചു. ഇത്തരം രാഷ്ട്രീയ അക്രമണങ്ങള്‍ രാജ്യത്തിന് നേരെയുള്ള തീവ്രവാദമാണെന്നും അവ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് കിര്‍ക്കിന്റെ കൊലപാതകമെന്നാണ് വിലയിരുത്തപ്പെടുന്നത്.