ഒ.ബി.സി. സംവരണ മാനദണ്ഡം മാറ്റുന്നത് സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കും: സുമേഷ് അച്യുതൻ

Jaihind News Bureau
Wednesday, July 8, 2020

പാലക്കാട്: ഒ.ബി.സിക്കാരുടെ മേൽത്തട്ട് കണക്കാക്കുന്നതിനുള്ള വരുമാന പരിധി പുതുക്കുന്നതിന്‍റെ മറവിൽ മാനദണ്ഡങ്ങൾ മാറ്റുന്നത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. പിന്നോക്ക വിഭാഗ മേൽത്തട്ട് വരുമാന പരിധി വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ നിന്നു 12 ലക്ഷമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഈ തീരുമാനത്തിന്‍റെ മറവിൽ കുടുംബാംഗങ്ങളുടെ ശമ്പളവും കാർഷിക ആദയവും മേൽത്തട്ട് മാനദണ്ഡത്തിൽ വരുമാനമായി ഉൾപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. മാതാപിതാക്കളുടെ ശമ്പളം കണക്കിലെടുത്ത് മക്കൾക്ക് പഠിക്കാനും ജോലിക്കും സംവരണം നൽകാതെ വരുന്നത് സാമൂഹിക നീതിക്കെതിരാകും. അർഹതയുള്ളവർക്ക് യോഗ്യതയില്ലാതെയും യോഗ്യതയുള്ളവർക്ക് അർഹതയില്ലാതെയുമായി നിരവധി അവസരങ്ങളാണ് പിന്നോക്കകാർക്ക് നഷ്ടപ്പെട്ടത്. 1993-ൽ 27 ശതമാനം സംവരണം പ്രഖ്യാപിച്ച് നിയമനങ്ങൾ തുടങ്ങിയിട്ട് 27 വർഷം എത്തുമ്പോഴും 11 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പിന്നോക്ക ജീവനക്കാർ ഉള്ളത്. കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുമ്പോൾ സംവരണം ഇല്ലാതാവുന്നത് മൂലം വലിയ തൊഴിൽ നഷ്ടമാണ് പിന്നോക്കക്കാർക്ക് ഉണ്ടാകുന്നത്.

സംവരണം സാമ്പത്തിക മുന്നേറ്റത്തിനല്ല, സാമൂഹിക സമത്വത്തിനാണ് എന്ന ഭരണഘടന ലക്ഷ്യത്തിന്‍റെ കടയ്ക്കൽ കത്തി വെക്കുന്നതാണ് പുതിയ നയം. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ ഉദ്യോഗസ്ഥ തലത്തിലുള്ള തീരുമാനങ്ങളല്ല മറിച് സാമൂഹ്യ മേഖലയിൽ വിദഗ്ദ്ധ പഠനമാണ് നടത്തേണ്ടത്.ആയതിനാൽ ഈ നീക്കത്തിൽ നിന്നും പിൻവാങ്ങണം. അല്ലെങ്കിൽ വലിയ സമര പരിപാടികൾക്കു രൂപം നൽകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.