വയനാട് നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പൂർത്തീകരണം വൈകുന്നതും വയനാട് പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഉന്നതികളെയും ബന്ധിപ്പിക്കുന്ന തരത്തിൽ പി.എം.ജി.എസ്.വൈ. IV മാർഗ്ഗരേഖയിൽ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന, കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു.
വയനാട്ടിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന ആദിവാസി ഉന്നതികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം റോഡുകൾ ഉൾപ്പടെയുള്ള അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്. ചികിത്സ സൗകര്യങ്ങൾ, കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാവണമെങ്കിൽ ഈ ഉന്നതികളെ പട്ടണവുമായി ബന്ധിപ്പിച്ചുള്ള റോഡ് സൗകര്യങ്ങൾ ആവശ്യമാണ്. കാടുകൾക്കകത്തുള്ള ട്രൈബൽ ഉന്നതികളിൽ തൊഴിൽ ലഭ്യതകുറവ് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദിവാസി സമൂഹത്തിന്റെ കൊഴിഞ്ഞു പോക്കും മനുഷ്യ വന്യമൃഗ സംഘർഷത്തെ നേരിടുന്നതിന് വരെ കണക്ടിവിറ്റിയുടെ കുറവ് വെല്ലുവിളിയാവുന്നുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായി ആദിവാസി സമൂഹം ആസ്പിരേഷണൽ ജില്ലകളിൽ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആദിവാസി സമൂഹം കൂടുതലായി താമസിക്കുന്ന ഗ്രാമങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ പി.എം.ജി.എസ്.വൈ. (IV ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 500 നു മേൽ ജനസംഖ്യയും അതിൽ 50% ആദിവാസികളും താമസിക്കുന്ന ഗ്രാമങ്ങൾക്ക് മാത്രമേ പദ്ധതിയെറ്റെടുക്കാവു എന്ന നിബന്ധനയുള്ളതായി പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. വയനാട് നിയോജകമണ്ഡലത്തിലെ കാടുകൾക്ക് അകത്തുളള പല ആദിവാസി ഊരുകളും നൂറിൽ താഴെ മാത്രം ജനസംഘ്യ ഉള്ള ഉന്നതികളായതിനാൽ ഭൂരിഭാഗം ഉന്നതികളും പദ്ധതിയിൽ ഉൾപ്പെടാതെ പോവുന്ന സാഹചര്യമുണ്ട്. വയനാടിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക വെല്ലുവിളികൾ പരിഗണിച്ച് ഈ മാർഗനിദ്ദേശത്തിൽ ഇളവ് നൽകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യമുന്നയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായ വെള്ളമുണ്ട പുളിഞ്ഞാൽ റോഡും, അച്ചൂർ പാലത്തിന്റെ നിർമ്മാണത്തിലും വലിയ കാലതാമസം ഉണ്ടാവുന്നു. 2023 മുതൽ നിരന്തരമായ സമ്മർദ്ദം പ്രാദേശിക അധികൃതർക്ക് മേൽ ചെലുത്തുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യത്തിൽ മന്ത്രിയുടെ ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യമുണ്ട്.
പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ഭാഗമായി ചെറുകിട കർഷകർക്ക് സ്പ്രിങ്ക്ളർ ഇറിഗേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി പദ്ധതി ഉണ്ട്. എന്നാൽ പദ്ധതിയുടെ ഇൻസ്റ്റലേഷൻ ചിലവും അതിന്റെ ജി.എസ്.ടി.യും സബ്സിഡിയിൽ നിന്നു ഒഴിവാക്കിയതിനാൽ കർഷകർക്ക് വലിയ ചെലവ് വരുന്നുവെന്നും ഇത് പദ്ധതി നടപ്പിലാക്കാൻ വെല്ലുവിളിയുണ്ടാക്കുന്നുവെന്നും കത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. വയനാടിന്റെത് പ്രത്യേക ഭൂപ്രകൃതി ആയതിനാൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കർഷകർക്ക് കൂടുതൽ സ്പ്രിങ്ക്ളർ സെറ്റുകൾ സ്ഥാപിക്കേണ്ടതായി വരുന്നുണ്ട്. ഉയർന്ന തൊഴിൽ വേതനവും പമ്പ് സെറ്റുകളുടെയും ഇൻസ്റ്റലേഷന്റെയും ചെലവും കർഷകർക്ക് ആകെ ചിലവിന്റെ എഴുപതു ശതമാനത്തോളം പണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നതായും കത്തിൽ പറയുന്നു. ഇതിനായി അധിക സാമ്പത്തിക സഹായം ഈ പദ്ധതിയിൽ പ്രത്യേക പരിഗണന നൽകി അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യപ്പെട്ടു.