കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ വാഹന പര്യടനം സമാപിച്ചു. ഉജ്വല വരവേൽപ്പായിരുന്നു ചാണ്ടി ഉമ്മന് ഓരോ പഞ്ചായത്തിലും ലഭിച്ചത്. അകലകുന്ന് പഞ്ചായത്തിൽ ആയിരുന്നു ഇന്നത്തെ പര്യടനം. ഓഗസ്റ്റ് 21-ാം തീയതി ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ വാഹന പര്യടനം ആരംഭിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നടന്ന വാഹന പര്യടനത്തിന് ആവേശോജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. പുതുപ്പള്ളിക്കാർ തങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്‍റെ പിൻമുറക്കാരനായി എത്തുന്ന ചാണ്ടി ഉമ്മനെ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്.
പുതുപ്പള്ളിയിലെ ജനങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമാണ്. അന്തിമ വിധി സെപ്റ്റംബർ എട്ടിന് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാമ്പാടി, കൂരോപ്പട, മീനടം, മണർകാട്, അടക്കം 8 പഞ്ചായത്തുകളിലാണ് ചാണ്ടി ഉമ്മൻ വാഹന പര്യടനം നടത്തിയത്. ഒരോ പഞ്ചായത്തുകളിലും ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ വൻജനാവലിയായിരുന്നു കാത്തു നിന്നിരുന്നത്.
പ്രായഭേദമില്ലാതെയാണ് ചാണ്ടി ഉമ്മനെ കാണാനും സംസാരിക്കാനുമായി വാഹന പര്യടനം കടന്നുപോകുന്ന പഞ്ചായത്തുകളിലെ പോയിന്‍റുകളിൽ തടിച്ചുകൂടിയത്. സ്ഥാനാർത്ഥി ഓരോ പോയിന്‍റുകളിൽ എത്തുമ്പോഴും അദ്ദേഹത്തിന് ഒപ്പം സെൽഫി എടുക്കാനും ഷാൾ അണിയിക്കാനും നിരവധി പേരാണ് എത്തിയത്. അകലകുന്നം മണ്ഡലത്തിലെ മണ്ണൂർപ്പള്ളിയിൽ നിന്നുമാണ് ചാണ്ടി ഉമ്മന്‍റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. യുഡിഎഫ് കൺവീനർ എം.എം. ഹസൻ യോഗം ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ, ഉമ്മന്‍ ചാണ്ടിയേക്കാൾ പതിന്മടങ്ങ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എം.എം. ഹസൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ പ്രചാരണത്തിന് വന്നിട്ടും സർക്കാരിന്‍റെ നേട്ടങ്ങൾ ഒന്നും പറയാൻ സാധിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടന്ന മെട്രോ റെയിൽ, സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം പോലെ ഒരു വികസന പദ്ധതിയുടെ പേര് പോലും പറയാൻ പിണറായിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയെ വ്യക്തി അധിക്ഷേപം നടത്താൻ സിപിഎം തയാറായത്. റബർ കർഷകർക്ക് വില വർധിപ്പിച്ചു നൽകുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ എൽഡിഎഫിന് അതു നടപ്പിലാക്കാൻ വരെ സാധിച്ചിട്ടില്ലെന്നും എം.എം ഹസൻ പറഞ്ഞു.
മണ്ണൂർ പള്ളിയുടെ പരിസരത്തുനിന്നാണ് ഈ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെയും പ്രചാരണങ്ങൾ തുടങ്ങിയത്. അപ്പയെപ്പോലെ ഞാനും വിജയിച്ചാൽ നിങ്ങൾക്കൊപ്പം ഉണ്ടാകും. എന്‍റെ വിജയം വേട്ടയാടപ്പെട്ടതും ഇന്നും വേട്ടയാടുന്നതുമായ ഒരു നീതിമാന്‍റെ വിജയം കൂടി ആയിരിക്കുമെന്ന് ചാണ്ടി ഉമ്മൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, നേതാക്കളായ കെ.സി. ജോസഫ്, ഫിലിസൺ മാത്യു, ടോമി കല്യാനി, അബ്ദുൾ മുത്തലിബ്, സജി മഞ്ഞകടമ്പൻ, രാജു, ഫിലിപ്പ് വെള്ളാപ്പള്ളി, അഡ്വ. ബിജു, ജോസ്മോൻ എന്നിവർ സംസാരിച്ചു.
സ്ഥാനാർത്ഥി പര്യടനം മറ്റക്കര കവലയിൽ എത്തിയപ്പോൾ ഏഴാം ക്ലാസുകാരൻ ഏബിൾ ചെണ്ട കൊട്ടി കൊണ്ടാണ് ആളുകളെ കൂട്ടി സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പര്യടനം മുഴൂർ എത്തിയപ്പോൾ മൂന്നാം ക്ലാസുകാരൻ വിജി കുഞ്ഞുപെങ്ങൾ പാർവതിക്കും ഒപ്പം ചാണ്ടി ഉമ്മന്‍റെ താന്‍ വരച്ച ചിത്രം നൽകിക്കൊണ്ടാണ് സ്വീകരിച്ചത്. ഓരോ സ്വീകരണ പോയിന്‍റിലും കുട്ടികളും മുതിർന്നവരും വീട്ടമ്മമാരും അടക്കമുള്ള ധാരാളം ആളുകളുടെ വലിയ സ്വീകരണമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. ശേഷം കെഎസ്‌യുവിന്‍റെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി റാലിയിൽ ചാണ്ടിയും പങ്കാളിയായി. ശശി തരൂർ എംപി പ്രചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. ഇതോടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പൂർത്തിയായി.