സൂര്യകാലടി മനയിൽ ആനയൂട്ടിനെത്തി ചാണ്ടി ഉമ്മന്‍; സ്ഥാനാർത്ഥിക്കൊപ്പം അനുസരണയോടെ ഗജവീരന്‍

Jaihind Webdesk
Sunday, August 20, 2023

 

പുതുപ്പള്ളി: “പേടിക്കണ്ടാ സാറേ ധൈര്യമായി പോരെ” – സൂര്യസുബ്രഹ്മണ്യ നമ്പൂതിരി അത് പറഞ്ഞെങ്കിലും പാപ്പാൻ ബിനുച്ചേട്ടൻ കൂടി ഉറപ്പിച്ചുപറഞ്ഞപ്പോഴാണ് ഗജവീരൻ പുതുപ്പള്ളി സാധുവിന്‍റെ സമീപത്തേക്ക് പഴവുമായി ചാണ്ടി ഉമ്മൻ ചെന്നത്. പ്രശ്നക്കാരനല്ലന്ന് മനസിലായപ്പോൾ ധൈര്യമായി പഴം നല്‍കി. അതിനുള്ള സ്നേഹം കൊണ്ടായിരിക്കും ചാണ്ടി ഉമ്മന്‍റെ കൂടെ കുറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സാധു മനസ് കാണിച്ചു.

സൂര്യകാലടി മനയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പുതുപ്പള്ളി സാധുവിന് സ്ഥാനാർത്ഥി ആനയൂട്ട് നടത്തിയത്. വിനായക ചതുർത്ഥിയുടെ ഭാഗമായി മനയിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ ചാണ്ടി ഉമ്മൻ സംസാരിച്ച് നിൽക്കുമ്പോഴാണ് ശങ്കരൻ നമ്പൂതിരി അടുത്തേക്ക് വന്നു പറഞ്ഞത്. “ഉമ്മൻ ചാണ്ടിയും ഞാനും അറുപത്തിരണ്ടിൽ സിഎംഎസ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചതാണട്ടോ” – പിതാവിന്‍റെ സഹപാഠിയോട് സന്തോഷം പങ്കുവെച്ച് സ്ഥലത്തുണ്ടായിരുന്നവരോട് വോട്ടും ചോദിച്ച് ചാണ്ടി ഉമ്മന്‍ മടങ്ങി.

പളളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ ഇന്നത്തെ പ്രചാരണം. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തുന്ന വിശ്വാസികളെ നേരിൽ കാണാനാണ് ശ്രമിച്ചത്. വളളിക്കാട്ട് ദയറായിൽ കുർബാനയ്ക്ക് ശേഷം
പുതുപ്പള്ളി എസ്എൻഡിപി ഓഫീസിൽ എത്തി പ്രസിഡന്‍റ് കെ.എം. ശശി, സെക്രട്ടറി രമേശ് എന്നിവരെ സന്ദർശിച്ചു. ശേഷം വാഗത്താനം സെന്‍റ് ആദായീസ് യാക്കോബായ സുറിയാനി പളളി, വെള്ളൂർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ, കുറ്റിക്കൽ സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മണർക്കാട് ശ്രീ ഭഗവതി ക്ഷേത്രം, സെന്‍റ് ജോർജ് കാത്തലിക് ചർച്ച്, താബോർ വർഷിപ്പ് സെന്‍റർ എന്നിവിടങ്ങളിലും ചാണ്ടി ഉമ്മൻ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. മഹാ പൗരോഹിത്യത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് മണർകാട് പള്ളി ഇടവക നൽകിയ ആദരവ് കർമ്മത്തിൽ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ കുടുംബ സംഗമങ്ങളിലും  പങ്കെടുത്തു.