ഏത് സർവേ പ്രവചിച്ചാലും എൽ.ഡി.എഫിന് ജനം വോട്ട് ചെയ്യില്ല : ചാണ്ടി ഉമ്മൻ

Jaihind News Bureau
Saturday, March 27, 2021

 

തിരുവനന്തപുരം : എൽ.ഡി.എഫിന് തുടർഭരണമാണെന്ന് ഏത് സർവേ പ്രവചിച്ചാലും വിശ്വാസികളെ ചവിട്ട് മെതിച്ച സർക്കാരിന് ജനം വോട്ട് ചെയ്യില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. പാറശാലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിത റസിലിന്‍റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനത്തിന് വേണ്ടാത്ത സർക്കാർ എങ്ങനെ അധികാരത്തിലെത്തും. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ സർക്കാർ സ്വാധീനം ഉപയോഗിച്ച് വ്യാജ സർവേകൾ പടച്ചുവിടുകയാണ്. അയ്യപ്പഭക്കതരുടെയും മക്കളുടെയും കണ്ണീർ സന്നിധാനത്തും നാടെങ്ങും വീണിട്ടുണ്ടെങ്കിൽ അതിന് ജനം മറുപടി നൽകും.

യുവജനങ്ങളുടെ പ്രയാസങ്ങൾ കേൾക്കാൻ പോലും മനസുകാണിക്കാതെ ആട്ടിപായിച്ച സർക്കാരിന് എന്ത് അടിസ്ഥാനത്തിലാണ് തുടർഭരണം ലഭിക്കുന്നത്. പഠിച്ച് പാസായി റാങ്ക് ലിസ്റ്റിൽ ഇടംനേടിയിട്ടും ജോലിയ്ക്ക് വേണ്ടി ചെറുപ്പക്കാർ മുട്ടിൽ ഇഴഞ്ഞിട്ടും കണ്ണുതുറക്കാത്ത പിണറായി വിജയനും കൂട്ടരും മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുവജനങ്ങളുടെ ശക്തി തിരിച്ചറിയും. തലസ്ഥാനത്തിന് യു.ഡി.എഫ് സർക്കാർ അനുവദിച്ച മെട്രോയും വിഴിഞ്ഞം തുറമുഖപദ്ധതിയും യഥാർത്ഥ്യമാകാത്തത് ഇടതുസർക്കാരിന്റെറ പിടിപ്പുകേടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ നേമത്ത് കെ.മുരളീധരന് വേണ്ടി ഭവനസന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ പാറശാലയിലെത്തിയത്.

തുടർന്ന് കഴക്കൂട്ടത്ത് എസ്.എസ്.ലാലിനൊപ്പം വാഹനറാലിയിൽ പങ്കെടുത്തു. കോവളത്ത് എം.വിൻസെന്‍റിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തലസ്ഥാത്തെ പരിപാടിയ്ക്ക് ശേഷം കൊല്ലത്ത് എത്തിയ അദ്ദേഹം കുണ്ടറയിൽ കുടുംബസംഗമത്തിലും പൊതുയോഗത്തിലും പങ്കെടുത്തു. രാത്രി കോട്ടയം കുറിച്ചിയിലെ കുടുംബസംഗമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.