മലപ്പുറം: മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും പരിഹസിച്ച് ചന്ദ്രികയിൽ മുഖപ്രസംഗം. എത്ര തോറ്റാലും തോൽവി അല്ലെന്ന് പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണെന്ന് ചന്ദ്രിക പറയുന്നു. ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ ഒരു വിഭാഗത്തെ കൂടെ നിർത്താൻ സിപിഎം നടത്തിയ നീക്കവും പരാജയപ്പെട്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘കണ്ണാടിപൊട്ടിച്ചാൽ കോലം നന്നാകുമോ’ എന്ന തലകെട്ടിൽ ചന്ദ്രികയിലെ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും പരിഹസിച്ചിരിക്കുന്നത്. എത്ര തോറ്റാലും തോൽവി അല്ലെന്ന് പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്. അതാവുമ്പോൾ അന്തവും കുന്തവും ഇല്ലാത്ത സഖാക്കൾ ആഹാ വിളിച്ചു കൂടെ നിൽക്കും. ലീഗിനെ ഒപ്പം നിർത്താൻ ഉള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ ഒരു വിഭാഗത്തെയെങ്കിലും കൂടെ നിർത്താനായിരുന്നു സിപിഎം ശ്രമം. അതിനായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയതും വിഫലമായി, എന്നിട്ടും പാഠം പഠിച്ചില്ല. സിപിഎമ്മിലെ ഈഴവ വോട്ടുകൾ ഹോൾസെയിൽ ആയി സംഘപരിവാരത്തിലേക്ക് എത്തിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് പിണറായിയും പാർട്ടിയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
കോൺഗ്രസ് പിന്തുണ കേരളത്തിന് പുറത്തുള്ളതിനാൽ ഈനാംപേച്ചിയും മരപ്പട്ടിയും സിപിഎമ്മിന് ചിഹ്നമാക്കേണ്ടി വന്നില്ലെന്നും പരിഹാസമുണ്ട്. സ്വന്തം ചിഹ്നം തന്നെ തലയിൽ വന്ന് അടിക്കുന്നത് വരെ കൊണ്ടുനടക്കാം എന്നതാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎമ്മിന്‍റെ അവസ്ഥ. കേരളത്തിൽ ജനം സിപിഎമ്മിനെ കയ്യൊഴിയുന്നു. തോറ്റാൽ തോറ്റെന്ന് സമ്മതിക്കണം എന്ന എം.വി. ഗോവിന്ദന്‍റെ താത്വിക അവലോകനം പാർട്ടി സംസ്ഥാന സമിതി ഉൾക്കൊണ്ടിട്ടില്ല. ഭരണപരമായ വീഴ്ചകളാണ് തോൽവിക്ക് കാരണമെന്ന് കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും തിരിച്ചറിഞ്ഞു. പക്ഷേ പിആർ ടീമും മുഖ്യമന്ത്രിയും ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ഇനിയും തോറ്റാൽ പാർട്ടിയെ മ്യൂസിയത്തിൽ കാണേണ്ടി വരുമെന്നാണ് നേതാക്കളുടെ രഹസ്യം പറച്ചിൽ. ജനം ഇടതുപക്ഷത്തിന് എതിരല്ലെന്ന ക്യാപ്സ്യൂളിലാണ് മുഖ്യനും സംഘവും ഉള്ളത് എന്നും ചന്ദ്രിക പറയുന്നു. മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും സാദിഖലി തങ്ങളുടെ രൂക്ഷ വിമർശനങ്ങളടങ്ങിയ ലേഖനത്തിന് പിന്നാലെയാണ് ചന്ദ്രികയിൽ സർക്കാരിനെതിരെ മുഖപ്രസംഗമെന്നതും ശ്രദ്ധേയമാണ്. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.