ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 വിജയത്തിനരികെ. മാതൃപേടകമായ ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് ചന്ദ്രനെ വലംവെക്കുന്ന വിക്രം ലാന്‍ഡറിന്‍റെ രണ്ടാമത്തെ ദിശാക്രമീകരണവും വിജയകരമായി പൂര്‍ത്തീകരിച്ചതായി ISRO അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 3.45 നാണ് രണ്ടാമത്തെ ദിശാക്രമീകരണം നടത്തിയത്. ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് വിക്രം ലാന്‍ഡറിന്‍റെ ഭ്രമണപഥം. പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റം ഒമ്പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ആദ്യത്തെ ദിശാക്രമീകരണം ചൊവ്വാഴ്ച വിജയകരമായി നടന്നിരുന്നു. 35 കിലോമീറ്റര്‍ അടുത്ത ദൂരത്തിലും 101 കിലോമീറ്റര്‍ അകന്ന ദൂരത്തിലുമാണ് ലാന്‍ഡറിന്‍റെ ഭ്രമണപഥം ഇപ്പോള്‍.
ദിശാമാറ്റം വിജയകരമായി പൂര്‍ത്തിയായതോടെ ചന്ദ്രനിലിറങ്ങാനുള്ള ഒരുക്കങ്ങളാണിനി നടക്കുന്നത്. ലാന്‍ഡറിന്‍റെയും ഓര്‍ബിറ്ററിന്‍റെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ISRO വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 7 നാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നത്. ശനിയാഴ്ച പുലർച്ചെ 1.30നും 2.30 നും ഇടയിലായിരിക്കും ലാന്‍ഡർ ചന്ദ്രനെ തൊടുന്നത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത്. കഴിഞ്ഞ ജൂലൈ 22നാണ് ചന്ദ്രയാന്‍-2 വിന്‍റെ വിക്ഷേപണം.