സാങ്കേതിക തകരാർ; അവസാന മണിക്കൂറില്‍ ചാന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റി

രാജ്യം ആവേശത്തോടെ കാത്തിരുന്ന ഇന്ത്യയുടെ സ്വപ്നദൗത്യമായ ചന്ദ്രയാൻ-2 ന്‍റെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിയതായി ഐ.എസ്.ആർ.ഒ അറിയിച്ചത്. വിക്ഷേപണത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

വിക്ഷേപണയാനത്തിൽ നേരിട്ട സാങ്കേതിക തകരാറുകൾ മൂലമാണ് തീരുമാനമെന്ന് ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ പറഞ്ഞു. ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചാന്ദ്രയാൻ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചെലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ-2 ന്‍റെയും 375 കോടി രൂപ ജി.എസ്.എൽ.വി വിക്ഷേപണവാഹനത്തിൻറെയും ചെലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.

ചന്ദ്രനെ വലം വെക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചാന്ദ്രപര്യവേഷണത്തിനായി തയാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ-2. ഇന്നുവരെ ഒരു പര്യവേഷണ വാഹനവും കടന്നുചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ലക്ഷ്യം വച്ചിരുന്നത്.

chandrayaan 2ISRO
Comments (0)
Add Comment